യുഎഇയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; പൈലറ്റ് കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല
അബുദാബി: യുഎഇയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിനെ കണ്ടെത്താനായിട്ടില്ല. യു എ ഇയുടെ കിഴക്കന്‍ തീരത്തുള്ള എമിറേറ്റായ ഫുജൈറയില്‍ ആയിരുന്നു അപകടം. പരിശീലന വിമാനമാണ് തകര്‍ന്ന് വീണത് എന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും വിദേശി പൗരന്‍മാരാണ് എന്നും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) അറിയിച്ചു.
ഫുജൈറ വ്യോമാതിര്‍ത്തിയില്‍ നടന്ന പരിശീലന വിമാന അപകടത്തെക്കുറിച്ച് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് റിപ്പോര്‍ട്ട് ലഭിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചതോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റിനുള്ളില്‍ റഡാര്‍ ബന്ധം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകര്‍ന്ന് വീഴുകയുമായിരുന്നു എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിനി പൈലറ്റിനായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടം നടന്നയുടനെ ഫുജൈറ തീരത്ത് നടത്തിയ തിരച്ചിലില്‍ ആണ് ഇന്‍സ്ട്രക്ടര്‍ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. വിമാന അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല എന്നും അന്വേഷണം നടക്കുകയാണ് എന്നും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപനം നടത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മരണപ്പെട്ട പൈലറ്റിന്റെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.












Click it and Unblock the Notifications