ഒമാന്‍ പുതിയ നിബന്ധന വച്ചു; ഗോയല്‍ മസ്‌കത്തില്‍, യുഎഇ സന്ദര്‍ശിക്കാന്‍ ജയശങ്കറും, അപൂര്‍വം
ദുബായ്: ഇന്ത്യയുടെ രണ്ട് കേന്ദ്രമന്ത്രിമാരുടെ ജിസിസി പര്യടനം ഇന്ന് തുടങ്ങും. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് മുതല്‍ രണ്ട് ദിവസം ഒമാനിലുണ്ടാകും. അതേസമയം, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിദിന യുഎഇ സന്ദര്‍ശനവും ഇന്നാണ് ആരംഭിക്കുക. വ്യാപാര ചര്‍ച്ചകള്‍ക്കാണ് മുഖ്യ പരിഗണന എങ്കിലും പശ്ചിമേഷ്യയിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ വിഷയമാകും. ഇന്ത്യ പശ്ചിമേഷ്യ ഇടനാഴിയും വിഷയമായേക്കും.
ഒമാനുമായി ഇന്ത്യ നിര്‍ണായകമായ സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിപ) ഒപ്പുവയ്ക്കാന്‍ പോകുകയാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അടുത്തിടെ ഒമാന്‍ പുതിയ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. തുടര്‍ന്ന് പല വിഷയങ്ങളിലും ചര്‍ച്ചകള്‍ വീണ്ടും നടത്തേണ്ട സാഹചര്യമുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് പിയുഷ് ഗോയലിന്റെ മസ്‌കത്ത് സന്ദര്‍ശനം. എന്താണ് ഒമാന്റെ പുതിയ ആവശ്യം എന്ന് അറിയാം...

ഇന്ത്യയും യുഎഇയും തമ്മില്‍ 2022ല്‍ സിപ കരാറും സ്വതന്ത്ര്യ വ്യാപാര കരാറും ഒപ്പുവച്ചിരുന്നു. സമാനമായ കരാര്‍ തന്നെയാണ് ഒമാനുമായും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ കരാര്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒമാന്റെ വാണിജ്യ മന്ത്രി ഖയ്‌സ് ബിന്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ യൂസഫുമായി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തും.
ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാക്കേണ്ടത് എന്നാണ് പ്രധാന ചര്‍ച്ച. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീടാണ് ഒമാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അനുമതി വേണ്ടതുണ്ട് എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതോടെയാണ് മന്ത്രിതല ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കേണ്ട സാഹചര്യമുണ്ടായത്.
ഒമാന്റെ ആവശ്യം ഇങ്ങനെ
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഓട്ടോ മൊബൈല്‍ ഉപകരങ്ങള്‍ എന്നിവയ്ക്ക് വേണ്ട പോളിത്തിലിന് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഇളവ് വേണം എന്നാണ് ഒമാന്റെ പ്രധാന ആവശ്യം. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 7.5 ശതമാനം ഇറക്കുമതി നികുതി ചുമത്തുന്നുണ്ട്. ഇതില്‍ ഇളവ് കിട്ടിയാല്‍ ഒമാന് നേട്ടമാകും.
ഇന്ത്യയും ഒമാനും തമ്മില്‍ 2023ലാണ് സ്വതന്ത്ര വ്യപാര കരാര്‍ ചര്‍ച്ച ആരംഭിച്ചത്. 2024 ജനുവരിയില്‍ ഏകദേശ ധാരണയായി. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്ത ശേഷം കരാര്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു കരുതിയത്. ഇതുപ്രകാരം കഴിഞ്ഞ ജൂണില്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവയ്‌ക്കേണ്ടതായിരുന്നു. പുതയ ആവശ്യങ്ങളുമായി ഒമാന്‍ രംഗത്തെത്തിയതോടെ കരാര്‍ സാധ്യമായില്ല. അതുകൊണ്ടു തന്നെ പിയൂഷ് ഗോയലിന്റെ സന്ദര്‍ശനം നിര്‍ണായകമാണ്.
അതേസമയം, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം യുഎഇയിലുണ്ടാകും. യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. പലസ്തീന്‍-ഇസ്രായേല്‍ വിഷയങ്ങളും ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. വരുന്ന ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കും. അതിനുള്ള പശ്ചാത്തലം ഒരുക്കലും ജയശങ്കറിന്റെ സന്ദര്‍ശന ലക്ഷ്യമാണ്. രണ്ട് മന്ത്രിമാര്‍ ഒരേ സമയം ജിസിസിയില്‍ എത്തുന്നത് അപൂര്‍വമാണ്.












Click it and Unblock the Notifications