സ്‌കൂളുകള്‍ക്ക് അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇളവ്... ശക്തമായ മഴ സാധ്യത, യുഎഇ, ഒമാന്‍ നിര്‍ദേശം
ദുബായ്/മസ്‌ക്കത്ത്: ശക്തമായ മഴ മുന്നറിയിപ്പുമായി യുഎഇയും ഒമാനും. രണ്ട് ജിസിസി രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ മഴ പെയ്‌തേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചു. യുഎഇയില്‍ ജോലികളില്‍ ഇളവ് നല്‍കാനും നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ജോലിക്ക് ഹാജരാകുന്നതില്‍ ഇളവ് നല്‍കാന്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് യുഎഇ ഭരണകൂടം നിര്‍ദേശം നല്‍കി. രാജ്യത്തുനടീളം മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ശക്തമായ മഴയ്ക്ക് പുറമെ കാറ്റിടക്കുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനികള്‍ ഉറപ്പാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

പുറംജോലിക്ക് തൊഴിലാളികളെ ചുമതലപ്പെടുത്തുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മണല്‍ക്കാറ്റിനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ച വരെ ഓറഞ്ച് അലേര്‍ട്ടാണുള്ളത്.
തിങ്കളാഴ്ച ആവശ്യമുള്ള കമ്പനി ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. സ്‌കൂള്‍, സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ പഠന രീതി സ്വീകരിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എടുക്കാമെന്ന് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു. ഞായറാഴ്ച മുതല്‍ മഴയും കാറ്റും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അബുദാബിയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അല്‍ ദഫ്ര ഭാഗത്ത് പ്രത്യേകിച്ചും. അതേസമയം, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ മഴ പെയ്തിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്നു.
ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സൈന്‍ ബോഡുകളില്‍ കാണിച്ചിട്ടുള്ള വേഗപരിധി എല്ലാവരും പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ചില ഭാഗങ്ങളില്‍ അപകട സാധ്യത മുന്‍കൂട്ടി കണ്ട് വേഗപരിധി കുറച്ചിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പോലീസ് അറിയിച്ചത്.
അതേസമയം, ഒമാനിലും മഴ മുന്നറിയിപ്പുണ്ട്. എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിട്ടും. അതേസമയം, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ചേക്കും. മിക്ക ഗവര്‍ണറേറ്റുകളും സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചുവെന്ന് ഒമാന്‍ കാലാവസ്ഥ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ പതിവ് പോലെ ക്ലാസുകളുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications