ഇന്ത്യയുടെ ആ തീരുമാനം യുഎഇ വിപണിക്ക് ഉണര്‍വ് നല്‍കും; സവാള വില 20 ശതമാനം കുറയും
ദുബായ്: മൂന്ന് മാസത്തെ നിരോധനം പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് സവാള വൈകാതെ എത്തും. യുഎഇയിലെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാകുകയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള സവാള എത്താതിരുന്നതോടെ യുഎഇ മറ്റ് നാല് രാജ്യങ്ങളെയാണ് വലിയ ഉള്ളിയ്ക്ക് വേണ്ടി സമീപിച്ചിരുന്നത്.
ഡിസംബര്‍ എട്ടിനാണ് ഇന്ത്യ വലിയ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഇന്ത്യയില്‍ സവാള വില കുതിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ഇത്. മാത്രമല്ല, കാലവസ്ഥയില്‍ വന്ന മാറ്റം കൃഷിയെ ബാധിക്കുകയും ചെയ്തിരുന്നു. സവാള വിലയിലെ മാറ്റം ഉത്തരേന്ത്യയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസിലാക്കിയായിരുന്നു മോദി സര്‍ക്കാര്‍ കയറ്റുമതി തടഞ്ഞത്.

ഇന്ത്യയില്‍ നിന്ന് സവാള എത്തുന്നത് നിലച്ചതോടെ യുഎഇ വിപണിയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. സാധാരണ രണ്ട് ദിര്‍ഹത്തിന് താഴെ വിലയുണ്ടായിരുന്ന കിലോ സവാളയ്ക്ക് പിന്നീട് 8 ദിര്‍ഹം വരെ എത്തുന്ന സാഹചര്യമുണ്ടായി. ഈ വേളയില്‍ യുഎഇ ഭരണകൂടം ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. സവാള എത്തിക്കുന്നതിന് നടപടി എടുക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ സവാള വില കുറഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിച്ചത്. സൗഹൃദ രാജ്യങ്ങളിലേക്ക് സവാള കയറ്റുമതിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കി. യുഎഇക്ക് പുറമെ ബംഗ്ലാദേശിലേക്കും ഇന്ത്യയില്‍ നിന്ന് സവാള എത്തുമെന്ന് കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബംഗ്ലാദേശിലേക്ക് 50000 ടണ്ണും യുഎഇയിലേക്ക് 14400 ടണ്ണുമാണ് സവാള എത്തുക. ഇന്ത്യയില്‍ നിന്ന് സവാള എത്തുന്നതോടെ 20 ശതമാനം വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇയിലെ വ്യാപാരികള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ച വേളയില്‍ നാല് രാജ്യങ്ങളെയാണ് യുഎഇയിലെ വ്യാപാരികള്‍ സവാളയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്നത്.
തുര്‍ക്കി, ഇറാന്‍, ചൈന, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് സവാള എത്തുന്നുണ്ട്. എങ്കിലും ഇന്ത്യന്‍ സവാളയ്ക്ക് യുഎഇയില്‍ വലിയ ആവശ്യക്കാരാണ്. ഇന്ത്യന്‍ സവാള എത്തിയാല്‍ ആഴ്ചയിലെ ഓഫര്‍ വില്‍പ്പനയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കുന്നു. 20 ശതമാനം വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആദില്‍ ഗ്രൂപ്പ് എംഡി ഡോ. ധനജ്ഞയ് ദട്ടര്‍ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സവാള യുഎഇയില്‍ എത്തിയിട്ടില്ല. ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തുര്‍ക്കിയെയും സുഡാനെയുമാണ് ആശ്രയിച്ചിരുന്നതെന്ന് ലുലു ഗ്രൂപ്പ് അബുദാബി ഡയറക്ടര്‍ അബൂബക്കര്‍ ടിപി പറഞ്ഞു. വൈകാതെ സവാള വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications