പൊതുഗതാഗത രംഗത്തേക്ക് 100 പറക്കും കാറുകള്‍; വിപ്ലവകരമായ മാറ്റത്തിന് യുഎഇ
ദുബായ്: പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎഇ. ജെറ്റെക്സിന്റെ സ്ഥാപകരിലൊരാളുടെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയായ അവിറ്റേര, യുഎഇയിലേയും ആഫ്രിക്കയിലെയും പൊതുഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായി ഡച്ച് സ്ഥാപനമായ പിഎഎല്‍-വിയില്‍ നിന്ന് 100 ല്‍ അധികം പറക്കും കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി.
ഗതാഗതരംഗത്തെ പുത്തന്‍ ചുവടുവെയ്പായ പറക്കും കാറുകള്‍ പലരാജ്യങ്ങളും പരീക്ഷിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുഗതാഗത രംഗത്തേക്ക് യുഎഇ പറക്കും കാറുകള്‍ എത്തിക്കുന്നത്. ഈ വാഹനത്തിന്റെ രൂപകല്‍പ്പന ലളിതമാണെന്നും ആളുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലത്തോ വില്ലയിലോ പാര്‍ക്ക് ചെയ്യാമെന്നും അവിറ്റേര മാനേജിംഗ് ഡയറക്ടര്‍ മൗഹന്ദ് വാഡ പറഞ്ഞു.

''നിങ്ങള്‍ക്ക് ഇത് കരയില്‍ ഓടിക്കാന്‍ കഴിയും. രണ്ട് മിനിറ്റിനുള്ളില്‍ ഈ കാര്‍ ഒരു പറക്കുന്ന വാഹനമാക്കി മാറ്റാം. 11,000 അടി ഉയരത്തില്‍ പറന്നുയരാന്‍ ഇതിന് 120 മീറ്റര്‍ സ്ട്രിപ്പ് ആവശ്യമാണ്. ലാന്‍ഡിംഗ് കഴിഞ്ഞാല്‍ നിങ്ങളുടെ വീട്ടിലേക്കോ ലക്ഷ്യസ്ഥാനത്തേക്കോ ഒരു സാധാരണ കാര്‍ പോലെ ഓടിക്കാം. സാധാരണ കാറുകളില്‍ ഉപയോഗിക്കുന്ന അതേ ഇന്ധനം തന്നെയാകും ഇതിലും ഉപയോഗിക്കുക, ''അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗൈറോപ്ലെയിനിന്റെയും ഓട്ടോമൊബൈലിന്റെയും അതുല്യമായ മിശ്രിതം കാരണം പിഎഎല്‍ വിയുടെ ലിബര്‍ട്ടി ഫ്‌ലൈയിംഗ് കാര്‍ മോഡല്‍ ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ ആണ്. 2025-26 ല്‍ കമ്പനി പറക്കും കാര്‍ അവതരിപ്പിക്കും. തിരക്കേറിയ റോഡുകളില്‍ നിന്ന് മോചനം നേടുന്നതിനൊപ്പം 500 കിലോമീറ്റര്‍ ഫ്‌ലൈറ്റ് റേഞ്ചും പരമാവധി 180 കിലോമീറ്റര്‍ എയര്‍ സ്പീഡും പറക്കും കാര്‍ വാഗ്ദാനം ചെയ്യുന്നു.
തുടക്കത്തില്‍ പറക്കും കാറുകള്‍ സ്വകാര്യ, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായിട്ടായിരിക്കും ഉപയോഗിക്കുക എന്ന് വാഡ കൂട്ടിച്ചേര്‍ത്തു. ഇതിനായി ആളുകള്‍ക്ക് കുറച്ച് മാസത്തേക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ നന്നായി പരിശീലനം നേടിയവരാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം എന്നും അവര്‍ സ്വകാര്യ പൈലറ്റ് ലൈസന്‍സ് ഉടമകളായിരിക്കണം എന്നമും അദ്ദേഹം പറഞ്ഞു.
യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ സര്‍ട്ടിഫിക്കേഷന് വിധേയമായി 2025 അല്ലെങ്കില്‍ 2026 അവസാനത്തോടെ ഇത് ആരംഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും സാക്ഷ്യപ്പെടുത്തും. അതേസമയം എയര്‍ ടാക്സികള്‍ക്കായി നാല് വെര്‍ട്ടിപോര്‍ട്ടുകളാണ് ദുബായില്‍ ഒരുങ്ങുന്നത്.
ബുര്‍ജ് ഖലീഫയുടെ സമീപത്തായി ദുബൈ ഡൗണ്‍ടൗണിലും, ദുബൈ മറീന, ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പാം ജുമൈറ എന്നിവിടങ്ങളിലുമാണ് നഗരത്തിലെ ആദ്യ വെര്‍ട്ടിപോര്‍ട്ടുകള്‍ തുറക്കുക എന്നാണ് വിവരം.












Click it and Unblock the Notifications