നൂറല്ല, ദിവസവും 50 ദിര്‍ഹം നഷ്ടമാകും; യുഎഇ പ്രവാസികള്‍ ശ്രദ്ധിക്കുക... പരിഹാരം ഇങ്ങനെ
ദുബായ്: മലയാളി പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യവും യുഎഇയാണ്. 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജിസിസിയിലെ ആറ് രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്. ഇതില്‍ 34.1 ലക്ഷം പേര്‍ യുഎഇയിലാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കുന്നു.
യുഎഇയിലെ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഭരണകൂടം നടപ്പില്‍ വരുത്താറുണ്ട്. ഒട്ടേറെ പ്രവാസികളാണ് യുഎഇയില്‍ താമസ രേഖയുടെ കാലാവധി കഴിഞ്ഞ ശേഷവും തങ്ങുന്നത്. നിയമ വിരുദ്ധമായ ഈ താമസക്കാരെ കണ്ടെത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരും. എന്നാല്‍ ഇവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്താന്‍ ഒട്ടേറെ വഴികളുണ്ട്.

താമസ വിസ, ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ മുഖേന യുഎഇയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് ഓരോ ദിവസവും 50 ദിര്‍ഹം പിഴയുണ്ടാകും. നേരത്തെ ഇത് 100 ദിര്‍ഹമായിരുന്നു. എല്ലാവരും കൃത്യ സമയം തന്നെ വിസ പുതുക്കണം എന്നാണ് യുഎഇ അധികൃതരുടെ നിര്‍ദേശം. അവസാന തിയ്യതിയിലേക്ക് നീട്ടിവയ്ക്കുന്നതും തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിസ പുതുക്കാവുന്നതാണ്. അല്ലെങ്കില്‍ ദുബായ് നൗ എന്ന ആപ്പ് വഴിയും പുതുക്കാം. പഴയ രീതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗീകൃത പ്രിന്റിങ് സെന്ററുകളെ സമീപിക്കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന് കീഴില്‍ പ്രിന്റിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിസ പുതുക്കുന്നതിനുള്ള അപേക്ഷയ്‌ക്കൊപ്പം ഫീസും അടയ്‌ക്കേണ്ടതുണ്ട്. വിസാ കാലാവധി പുതുക്കാനുള്ള അപേക്ഷ അംഗീകരിച്ചാല്‍ ഇമെയില്‍ സന്ദേശം വരും. കൂടെ ഒറിജിനല്‍ എന്‍ട്രി പെര്‍മിറ്റും ലഭ്യമാകും. ഇവയുടെ പകര്‍പ്പെടുത്ത് ഉപയോഗിക്കാം. വിസയുടെ കാലാവധി കഴിയുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നതാണ് പിഴ ഒഴിവാക്കാന്‍ ഏറ്റവും ഉചിതം.
ഫിലിപ്പീന്‍സുകാര്‍ക്ക് വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ഫീസിന്റെ കാര്യത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാലിക്ബയാന്‍ സ്റ്റോര്‍ എന്ന പ്ലാറ്റ്‌ഫോം ആണ് ഫിലിപ്പിനോകളെ ഇക്കാര്യത്തില്‍ സഹായിക്കുക. ഫീസ് നാല് തവണയായി അടയ്ക്കാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. 900 ദിര്‍ഹമാണ് നല്‍കേണ്ടെങ്കില്‍ ഓരോ മാസവും 225 ദിര്‍ഹമായി നാല് തവണ അടയ്ക്കാം.












Click it and Unblock the Notifications