യുഎഇ പ്രവാസികള്‍ക്ക് വന്‍ അവസരം; ജര്‍മനിയിലേക്ക് പറക്കാം, ജോലി വേണ്ട, സ്‌പോണ്‍സറും ആവശ്യമില്ല
ദുബായ്: യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് വലിയ അവസരം ഒരുക്കി ജര്‍മനി. യൂറോപ്പിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ക്ക് 12 മാസത്തേക്കുള്ള ഓപര്‍ച്യൂണിറ്റി കാര്‍ഡ് നല്‍കുന്നു. ജോലി ഓഫര്‍ ഇല്ലാതെയും സ്‌പോണ്‍സര്‍ ആവശ്യമില്ലാതെയും ജര്‍മനി ക്ഷണിക്കുകയാണ് എന്ന് വൈ-ആക്‌സിസ് ഡയറക്ടര്‍ ക്ലിന്റ് ഖാനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ നിരവധി പേര്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. പലരും പുതിയ ജോലി തേടുകയും ചെയ്യുന്നു. അവര്‍ക്കെല്ലാം വേറിട്ട വഴിയാണ് ജര്‍മനി ഒരുക്കിയിരിക്കുന്നത്. അബുദാബിയില്‍ ഗള്‍ഫ് ന്യൂസ് സംഘടിപ്പിച്ച എജ്യുഫെയര്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ക്ലിന്റ് ഖാന്‍ ജര്‍മനിയിലേക്കുള്ള പുതിയ അവസരം വിശദീകരിച്ചത്.

ജര്‍മനിയില്‍ പഠനത്തിനും ജോലിക്കുമെല്ലാം അവസരം തേടുന്നവര്‍ ഏറെയാണ്. അവര്‍ക്ക് പുതിയ വഴിയാണ് തെളിഞ്ഞിരിക്കുന്നത്. ജര്‍മനിയില്‍ പഠിച്ച് അവിടെ താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. ലക്ഷങ്ങള്‍ മുടക്കി ജര്‍മനിയില്‍ പഠിക്കാന്‍ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ യുഎഇയില്‍ താമസക്കാരാണെങ്കില്‍ പുതിയ അവസരം ഉപയോഗപ്പെടുത്താം.
പോയന്റ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് ജര്‍മനി ഓപര്‍ച്യൂണിറ്റി കാര്‍ഡ് നല്‍കുക. 14ല്‍ ചുരുങ്ങിയത് ആറ് പോയന്റ് നേടുന്നവര്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം, ഭാഷാ നൈപുണ്യം, ജര്‍മനിയിലെ ബിരുദത്തിന് സമാനമായ ഡിഗ്രിയുള്ളവര്‍ എന്നിവയെല്ലാം പോയന്റ് ലഭിക്കുന്ന ഘടകങ്ങളാണ്. ഉയര്‍ന്ന ബിരുദമുള്ളവര്‍ക്ക് ഭാഷ നൈപുണ്യത്തില്‍ ഇളവ് ലഭിച്ചേക്കും.
സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി വിസ
സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി വിസ നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഇതോടെ ജര്‍മനി മാറുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഷെങ്കണ്‍ വിസ ലഭിക്കാനും യൂറോപ്പില്‍ സ്ഥിരതാമസത്തിനുള്ള അവസരവും കിട്ടിയേക്കാം. ഓപര്‍ച്യൂണിറ്റി കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷാ ഫീസ് 313 ദിര്‍ഹമാണ്. അതേസമയം, ജര്‍മന്‍ ബാങ്ക് അക്കൗണ്ടില്‍ 13092 യൂറോ വേണമെന്ന നിബന്ധനയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖയും അപേക്ഷകന്‍ സമര്‍പ്പിക്കണം.
വിസ ശരിയാകുന്നതിന് കൃത്യമായ സമയം പറയാനാകില്ല. വിസ ഇന്റര്‍വ്യൂ പൂര്‍ത്തിയായാല്‍ അഞ്ച് മുതല്‍ 15 ദിവസത്തിനകം പ്രതീക്ഷിക്കാം. ഇന്റര്‍വ്യൂ അവസരം ലഭിക്കുന്നതിന് സമയം എടുത്തേക്കും. ഈ വിസ ലഭിക്കുന്നതിന് ജര്‍മന്‍ ഭാഷ നിര്‍ബന്ധമല്ല. എങ്കിലും ഭാഷ അറിയുന്നവരെ അധിക യോഗ്യതയുള്ളവരായി കണക്കാക്കിയേക്കാം. അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരം പ്രതീക്ഷിക്കാമെന്ന് ഖാന്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള നിരവധി രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങള്‍ക്ക് പുറത്ത് താമസിക്കുന്നവര്‍ക്കാണ് ജര്‍മനിയുടെ ഒരു വര്‍ഷത്തേക്കുള്ള ഓപര്‍ച്യൂണിറ്റി കാര്‍ഡ് ലഭിക്കുക. ജോലി ഇല്ലാതെ ജര്‍മനയിലെത്തിയാലും 12 മാസം കാലാവധിയുള്ളതിനാല്‍ ജോലി തിരയാനും നേടിയെടുക്കാനും അവസരം ലഭിക്കും. വിസ നടപടികള്‍ സംബന്ധിച്ച വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ അപേക്ഷകര്‍ തയ്യാറെടുക്കാവൂ.












Click it and Unblock the Notifications