യുഎഇ പെട്രോൾ, ഡീസൽ വില; ഫെബ്രുവരിയിൽ വില കുത്തനെ കുറയുമോ? സാധ്യതകളറിയാം
ഫെബ്രുവരി മാസത്തേക്കുള്ള യുഎഇയിലെ ഇന്ധനവില ജനുവരി 31 ന് പ്രഖ്യാപിച്ചേക്കും. ഈ മാസം രാജ്യത്ത് പെട്രോൾ, ഡീസൽ വില വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ മാസാവസാനത്തോടെ ആഗോള എണ്ണവിലയിൽ വലിയ വർധവാണ് ഉണ്ടായത്. ഈ വിലക്കയറ്റം ഫെബ്രുവരി വിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ
മുൻ മാസങ്ങളിലെ ശരാശരി ആഗോള എണ്ണവിലയും ശുദ്ധീകരിച്ച ഇന്ധനച്ചെലവും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്. സമിതി ഈ മാസം സൂപ്പർ 98 ലിറ്ററിന് 2.53 ദിർഹമായിരുന്നു വില നിശ്ചയിച്ചത്. സ്പെഷ്യൽ 95-ന് 2.42 ദിർഹം, ഇ-പ്ലസ് 91-ന് 2.34 ദിർഹം, ഡീസലിന് 2.55 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്കുകൾ. ഡിസംബറിനെ അപേക്ഷിച്ച് വലിയ കുറവായിരുന്നു ഇത്.

സാധാരണ നിലയിൽ ആഗോളതലത്തിൽ വില ഉയരുമ്പോൾ പമ്പുകളിലും വില വർധിക്കാറുണ്ട്.
ഒക്ടോബറിലാണ് ഏറ്റവും ഉയർന്ന വില ഉണ്ടായിരുന്നത്. ഡിസംബറോടെ വില കുറഞ്ഞുതുടങ്ങി. ജനുവരിയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ജനുവരി പകുതിയോടെ എണ്ണ തിളച്ച, ആഗോള വില ഉയരങ്ങൾ താണ്ടി. ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 63 ഡോളറിനും 66 ഡോളറിനും ഇടയിലായി വില.യുഎസ് എണ്ണവില 59- 61 ഡോളറിനിടയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വെനിസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം, ആഗോള എണ്ണ ഉൽപ്പാദനത്തിലെ താൽക്കാലിക പ്രശ്നങ്ങൾ എന്നിവയാണവ വില വർധനവിന് പ്രധാന കാരണം.
എന്നിരുന്നാലും പുതിയ വിവരങ്ങൾ പ്രകാരം യുഎസിലെ എണ്ണ ശേഖരം വർധിച്ചിട്ടുണ്ട്. അതായത് ലോകത്തേക്ക് ആവശ്യമായ എണ്ണ വിതരണം തടസപ്പെടില്ലെന്ന് സാരം. നിലവിൽ ജനുവരിയിലെ വിലകൾ നിശ്ചയിച്ച സമയത്തേക്കാൾ ഉയർന്ന നിലയിലാണ് എണ്ണവില. അതിനാൽ, ഫെബ്രുവരിയിൽ വില കുറയുന്നതിന് പകരം ചെറിയ വർധനവിന സാധ്യത ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വലിയ കുതിപ്പിനുള്ള സാധ്യത നിലവിൽ കാണുന്നില്ല. ആഗോള എണ്ണ വിതരണം സുരക്ഷിതമാണ്. ഇൻവെന്ററി ഡാറ്റ പ്രകാരം എണ്ണക്ഷാമമില്ല. അതിനാൽ, യുഎഇയിലെ പമ്പ് വിലയിലുണ്ടാകുന്ന വർധനവ് പരിമിതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം ഡീസൽ ലഭ്യത ആഗോള തലത്തിൽ കുറവാണെന്നതിനാൽ പെട്രോളിനേക്കാൾ ഡീസൽ വില ഉയർന്നുനിൽക്കാൻ സാധ്യതയുണ്ട്.
ഇന്ധനവില നിർണ്ണയ സമിതിയാണ് യുഎഇയിലെ ഇന്ധനവില പ്രതിമാസം അവലോകനം ചെയ്യുന്നത്. നിലവിലെ വിപണി പ്രവണതകൾ, ആഗോള എണ്ണ വില എന്നിവയെ ആശ്രയിച്ചാണ് വില നിശ്ചയിക്കുക. യുഎഇയിലെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് ആഗോള എണ്ണ വിപണിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് അന്തിമ വിലയിൽ വ്യത്യാസം വരാം.












Click it and Unblock the Notifications