യുഎഇയിൽ കനത്ത മഴ തുടരുന്നു; കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള 3 വിമാനങ്ങൾ റദ്ദാക്കി
കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. മഴയിൽ റെൺവേയിൽ വെള്ളം കയറിയതോടെ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. വെള്ളം കയറിയത് മെട്രോ സർവ്വീസുകളേയും ബാധിച്ചു.
കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു എ ഇയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 142 മില്ലീമീറ്ററിലധികം മഴയാണ് ലഭിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നൂറിലധികം സർവ്വീസുകൾ ചാർട്ട് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അസാധാരണമായി മഴ പെയ്തതോടെ എയർപോർട്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ബുധനാഴ്ച രാവിലെ വരെ ദുബായിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു.

അതേസമയം പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ എയർപോർട്ടിൽ എത്തിപ്പെടാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. വിമാനങ്ങൾ പലതും റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതോടെ വലിയ തിരിക്കായിരുന്നു എയർപോർട്ടിൽ അനുഭവപ്പെട്ടത്. അതിനിടെ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഓൺലൈൻ പഠനം തുടരും. സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം തുടരും. വിവിധ സ്വകാര്യ സ്ഥാനപങ്ങളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോ അനുവദിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്.
അതേസമയം മഴയിൽ വ്യാപകനാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലയിടത്തും റോഡുകൾ തകർന്നു. ഷോപ്പിംഗ് സെൻ്ററുകളായ ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ വെള്ളം കയറി. ചില കെട്ടിടങ്ങളിൽ മഴയെ തുടർന്ന് ചോർന്നൊലിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചിലർ പങ്കിട്ടു.
വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപോകുന്ന വീഡിയോകളും പലരും പങ്കിട്ടിട്ടുണ്ട്. താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രവാസികൾ പറയുന്നത്. അതേസമയം മഴയിൽ ദുബായിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസൽഖൈമിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 70കാരനാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച വാഹനം വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു.
അതേസമയം ഇന്ന് ഉച്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. പ്രധാനപാതകളിൽ നിന്ന് വെള്ളം നീക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications