75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; തോരാ മഴയ്ക്ക് സാക്ഷ്യംവഹിച്ച് യുഎഇ
ദുബായ്: കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് യു എ ഇ. 1949-ൽ ഡാറ്റാ ശേഖരണം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് പെയ്തത്. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254. 8 മില്ലി മീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മുതൽ യു എ ഇയിൽ തോരാതെ മഴ പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ രാജ്യം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികാരികളും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഏപ്രിൽ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പെയ്തത് റെക്കോർഡ് മഴയാണ്.

കാലാവസ്ഥ ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള യു എ ഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവം ആണെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. വരും മണിക്കൂറിലും ഇതുപോലെ മഴയാണ് പ്രതീക്ഷിക്കുന്നത്. വലിയ അളവിലുള്ള മഴ രേഖപ്പെടുത്തുന്നതിന് സാക്ഷ്യം വഹിക്കും.
ഈ കനത്ത മഴ യു എ ഇയിലെ ഒരു അസാധാരണ സംഭവമാണ്. ഇത് യു എഇയിലെ വാർഷിക മഴയുടെ ശരാശരി വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഭൂഗർഭ ജലശേഖരം പൊതുവെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും എന്നാണ് പ്രതീക്ഷ. താഴ്ന്ന ഉപരിതല മർദ്ദം കാരണം അസ്ഥിരമായ കാലാവസ്ഥ തിങ്കഴാള്ച മുതൽ രാജ്യത്തെ ബാധിച്ചു. അസ്ഥിരമായ കാലവസ്ഥയുടെ രണ്ട് തരംഗങ്ങൾ ചൊവ്വാഴ്ച രാജ്യത്ത് ഉടനീളം നീങ്ങി.
മഴ ദുബായിൽ വലിയ രീതിയിൽ ബാധിച്ചു. വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ വെള്ളത്തിനടിയിലായി. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 160 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. അതായത് ഒരു ദിവസത്തിൽ ഏകദേശം 1.5 വർഷത്തെ ശരാശരി മഴ.
അതേ സമയം കൊച്ചിയിൽ നിന്ന് യു എ ഇയിലേക്ക് ഉള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. യു എ ഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴ ടെർമിനുകളിൽ പ്രതിസന്ധി ഉണ്ടാക്കിയതിന് പിന്നാലെയാണ് റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള കേരളത്തിലേക്ക് വരുന്നിസ്സ. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.












Click it and Unblock the Notifications