യുഎഇ തൊടാന്‍ ആരുമില്ല: സൗദി അറേബ്യ പത്താം സ്ഥാനത്ത്: യുഎസിന് നാണക്കേട്, ആദ്യ പത്തിലുമില്ല
ഓരോ രാഷ്ട്രത്തിന്റേയും ജനങ്ങളുടേയും ജീവിത നിലവാരം ഉയർത്തുന്നതില്‍ ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഏറെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത, വളർച്ച നിലനിർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും ആഗോള പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനേയും പ്രതിഫലിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ സാമ്പത്തിക സംവിധാനങ്ങളും പ്രതിരോധശേഷിയുള്ള സമ്പദ്‌വ്യവസ്ഥകളുമുള്ള ലോകത്തെ മികച്ച 10 സാമ്പത്തിക സ്ഥിരതയുള്ള രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രകാരം പട്ടികയില്‍ യു എ ഇ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ 47-ാം റാങ്കിലാണ് എന്നതാണ് ശ്രദ്ധേയം. സൗദി അറേബ്യ അല്ലാതെ മറ്റ് ഏഷ്യൻ രാജ്യങ്ങളൊന്നും ആദ്യ പത്തിൽ ഇല്ല. അതേസമയം യുഎസ് 13-ാം സ്ഥാനത്താണ്. വിശദാംശങ്ങൾ ഇവിടെ..

യുണൈറ്റഡ് അറബ് എമിറേറ്റ്സ്
യു എ ഇയുടെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ എണ്ണ സമ്പത്ത്, വ്യാപാരം, ടൂറിസം എന്നിവയുടെ പിന്‍ബലത്തിലാണ് മുന്നോട്ട് പോകുന്നത്. 500 ബില്യൺ ഡോളറിലധികം ജി ഡി പിയുള്ള യുഎഇ, ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ബിസിനസ്-സൗഹൃദ നയങ്ങളും കൊണ്ടാണ് സാമ്പത്തിക സ്ഥിരതയില്‍ മുന്നിട്ട് നില്‍ക്കുന്നത്.
സ്വിറ്റ്സർലൻഡ്
ബാങ്കിംഗ് മേഖലയിലും നവീനതയിലും പ്രശസ്തമായ സ്വിറ്റ്സർലൻഡ്, കുറഞ്ഞ പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നുമാണ്. 900 ബില്യൺ ഡോളർ ജി ഡി പിയുള്ള ഇവിടെ കയറ്റുമതിയും സേവന മേഖലയും ശക്തമാണ്.
ജർമനി
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമനി, നിർമാണ മേഖലയിലും കയറ്റുമതിയിലും മികവ് പുലർത്തുന്നു. 4.5 ട്രില്യൺ ഡോളറിലധികം ജി ഡി പിയോടെ, എഞ്ചിനീയറിംഗിലും വ്യവസായ ഉൽപാദനത്തിലും രാജ്യം ആഗോള തലത്തിൽ മുന്നിലാണ്.
കാനഡ
പ്രകൃതി വിഭവങ്ങളും സ്ഥിരതയുള്ള ബാങ്കിംഗ് സംവിധാനവും വ്യാപാര ശൃംഖലകളുമാണ് കാനഡയുടെ സാമ്പത്തിക ശക്തിയുടെ നട്ടെല്ല്. 2.5 ട്രില്യൺ ഡോളർ ജി ഡി പിയോടെ, ഊർജം, കൃഷി, സേവന മേഖലകൾ എന്നിവയാണ് പ്രധാനം
ജപ്പാൻ
സാങ്കേതിക മേഖലയിലെ കരുത്തരായ ജപ്പാൻ, ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. 4.2 ട്രില്യൺ ഡോളർ ജി ഡി പിയോടെ, നിർമാണം, റോബോട്ടിക്സ്, കയറ്റുമതി എന്നിവയാണ് മുഖ്യ സാമ്പത്തി സ്രോതസ്സുകള്‍.
ഓസ്ട്രേലിയ
വിഭവ സമ്പത്തും ഭരണത്തിലെ സ്ഥിരതയും ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുന്നു. 1.7 ട്രില്യൺ ഡോളർ ജി ഡി പിയോടെ, ഖനനം, ധനകാര്യം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാന വരുമാന മേഖലകൾ.
സ്വീഡൻ
വികസനവും ശക്തമായ ക്ഷേമ സംവിധാനവും സ്വീഡന്റെ സാമ്പത്തിക സ്ഥിതിയെ സന്തുലിതമാക്കുന്നു. 700 ബില്യൺ ഡോളർ ജി ഡി പിയോടെ, ഹൈടെക് കയറ്റുമതി, ഹരിത ഊർജം, ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികൾ എന്നിവ ഈ രാജ്യത്തും ശക്തമാണ്.
ഡെന്മാർക്ക്
സ്ഥിരവും തുറന്നതുമായ സമ്പദ്‌വ്യവസ്ഥയും ശക്തമായ സാമൂഹിക പിന്തുണാ സംവിധാനങ്ങളും ഡെന്മാർക്കിന്റെ പ്രത്യേകതയാണ്. 440 ബില്യൺ ഡോളർ ജി ഡി പിയോടെ, ഫാർമസ്യൂട്ടിക്കൽസ്, ഷിപ്പിംഗ്, ഹരിത സാങ്കേതികവിദ്യ മേഖലകളിലും ഡെന്മാർക്ക് മുൻനിരയിലാണ്.
നെതർലൻഡ്സ്
ആഗോള വ്യാപാര കേന്ദ്രമായ നെതർലൻഡ്സ്, കൃഷി, ലോജിസ്റ്റിക്സ്, ധനകാര്യ മേഖലകളിൽ മികവ് പുലർത്തുന്നു. 1.2 ട്രില്യൺ ഡോളർ ജി ഡി പിയോടെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇവിടെ ശക്തമാണ്.
സൗദി അറേബ്യ
വൻ എണ്ണ സമ്പത്തിന്റെ പിന്തുണയോടെ, വിഷൻ 2030 വഴി സൗദി അറേബ്യ വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങുന്നു. 1.1 ട്രില്യൺ ഡോളറിലധികം ജി ഡി പിയോടെ, അടിസ്ഥാന സൗകര്യങ്ങളിലും ടൂറിസത്തിലും രാജ്യം വൻ നിക്ഷേപം നടത്തുന്നു.












Click it and Unblock the Notifications