യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം: നഗരങ്ങളുടെ പട്ടികയില്‍ ദുബായിയും ഷാർജയും; ഇന്ത്യയില്‍..
2025 ലെ ഏറ്റവും സുരക്ഷിത രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് യു എ ഇ. യുഎഇയുടെ തലസ്ഥാനമായ അബുദാബി, തുടർച്ചയായ ഒൻപതാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായും നിലനിൽക്കുന്നു. ന്യൂബിയോയുടെ (Numbeo 2025) മധ്യവർഷ സുരക്ഷാ സൂചികയിൽ 88.8/100 സ്കോർ നേടിയാണ് അബുദാബി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ദുബായ്, ഷാർജ തുടങ്ങിയ മറ്റ് യുഎഇ നഗരങ്ങളും ആഗോള റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി എന്നതും ശ്രദ്ധേയമാണ്. യുഎഇയിലെ പ്രധാനപ്പെട്ട നാല് നഗരങ്ങൾ ഈ പട്ടികയിൽ ഇടം നേടി എന്നുള്ളത് രാജ്യത്തിന്റെ ആകെയുള്ള സുരക്ഷാ മികവിനേയും എടുത്ത് കാട്ടുന്നു.
യുഎഇയെ സുരക്ഷിതമാക്കുന്നത്
യുഎഇയുടെ സുരക്ഷാ നേട്ടത്തിന് പിന്നിൽ വ്യക്തമായ നിയമങ്ങളും അവയുടെ കർശനമായ നടപ്പാക്കലും പ്രധാന പങ്ക് വഹിക്കുന്നു. പൊതു ഇടങ്ങൾ വൃത്തിയുള്ളതും നല്ല വെളിച്ചമുള്ളതും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നതുമാണ്. രാത്രി വൈകിയും ആളുകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, സഹായം ഉടനടി ലഭ്യമാകുമെന്ന വിശ്വാസവും ജനങ്ങൾക്കുണ്ട്. പോലീസിന്റെ വേഗത്തിലുള്ള പ്രതികരണവും ഉപയോഗിക്കാൻ എളുപ്പമുള്ള പൊതു സുരക്ഷാ ആപ്പുകളും ഈ സുരക്ഷാ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നു.

വിനോദസഞ്ചാരികളുടെയും അന്താരാഷ്ട്ര തൊഴിലാളികളുടെയും കേന്ദ്രമായിട്ടും യുഎഇ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ സന്തുലിതാവസ്ഥ നിലനിർത്തുന്നു എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഈ മാതൃക മറ്റു രാജ്യങ്ങൾക്ക് പഠനവിഷയമാണ്. യൂറോപ്പിലെ ചെറിയ രാജ്യമായ അൻഡോറ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും, യു എ ഇയുടെ ജനസംഖ്യയുടെ വൈവിധ്യവും വലിപ്പവും കണക്കിലെടുക്കുമ്പോൾ അറബ് രാഷ്ട്രത്തിന്റെ നേട്ടത്തിന് കൂടുതല്‍ അംഗീകാരമുണ്ട്.
ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനം
2025-ലെ റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് 12 നഗരങ്ങൾ ആദ്യ നൂറില്‍ ഇടം നേടി. അഹമ്മദാബാദാണ് ഏറ്റവും മുന്നിൽ, 68.6 സുരക്ഷാ സൂചികയോടെ ആഗോളതലത്തിൽ 77-ാം സ്ഥാനത്ത് ഗുജറാത്തിന്റെ തലസ്ഥാനം. ജയ്പൂർ, കോയമ്പത്തൂർ, ചെന്നൈ, പുണെ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടു. എന്നാൽ, ഡൽഹി 234-ാം സ്ഥാനത്താണ്.
സുരക്ഷാ സൂചിക എങ്ങനെ തയ്യാറാക്കുന്നു?
ജനങ്ങൾ അവരുടെ നഗരങ്ങളിൽ അനുഭവിക്കുന്ന സുരക്ഷയെ അടിസ്ഥാനമാക്കിയാണ് ഈ സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾ, രാത്രിയിലെ സുരക്ഷ, മോഷണം, ശല്യപ്പെടുത്തൽ, അല്ലെങ്കിൽ അതിലും ഗുരുതരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും സർവ്വേയില്‍ ഉൾപ്പെടുന്നു. ആളുകൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്ന നഗരങ്ങൾക്കാണ് ഉയർന്ന സ്കോർ ലഭിക്കുന്നത്.
നിലവിൽ, യു എ ഇ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിന് മാതൃകയായി നിൽക്കുകയാണ്. എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം എന്താണെന്ന് യു എ ഇ കാണിച്ചുതരുന്നുവെന്നും സർവ്വേ നടത്തിയ ന്യൂബിയോ വ്യക്തമാക്കുന്നു.












Click it and Unblock the Notifications