യുഎഇ പ്രവാസികള്‍ ഭയക്കേണ്ട; ആറ് മാസത്തേക്ക് അരി സ്റ്റോക്കുണ്ട്... ആശ്വാസം
ദുബായ്: യുഎഇ പ്രവാസികള്‍ക്ക് ആശങ്ക ഒഴിഞ്ഞ് ആശ്വാസത്തിന് വഴി തെളിഞ്ഞു. അരി കിട്ടാക്കനിയാകുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും മതിയായ സ്റ്റോക്കുണ്ടെന്ന് പ്രമുഖ ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ അറിയിച്ചു. ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതാണ് ആഗോള വിപണിയില്‍ അരി ദൗര്‍ലഭ്യതയുണ്ടാകുമെന്ന ആശങ്കയ്ക്ക് ഇടയാക്കിയത്.
ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കയറ്റുമതി നിരോധിച്ചാല്‍ ആഗോള വിപണിയില്‍ അരി കിട്ടാതെയാകും. വില കുത്തനെ ഉയരുകയും ചെയ്യും. ഇത് മുന്‍കൂട്ടി കണ്ട് ഇന്ത്യയുടെ തീരുമാനം വന്ന പിന്നാലെ അമേരിക്കയിലുള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലെ കടകള്‍ അരി വില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.

ഇന്ത്യയില്‍ മഴ കാരണം കൃഷി നശിച്ചതാണ് അരി കയറ്റുമതി നിരോധിക്കാന്‍ കാരണം. ബസ്മതി അല്ലാത്ത വെളുത്ത അരിയുടെ കയറ്റുമതിയാണ് നിരോധിച്ചത്. സെപ്തംബറില്‍ സാഹചര്യം അവലോകനം ചെയ്ത ശേഷം ഭാവി തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കയറ്റുമതി വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ ഇടയില്ല. ഇതാണ് വിദേശ രാജ്യങ്ങളിലെ വ്യാപാരികളെ ആശങ്കയിലാക്കിയത്.
ഇന്ത്യ കയറ്റുമതി നിരോധിച്ച പിന്നാലെ യുഎഇയും കയറ്റുമതി നിരോധിച്ചു. ഇന്ത്യയില്‍ നിന്നടക്കം എത്തുന്ന അരി പാക് ചെയ്ത് മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതിനും നിരോധനമുണ്ട്. യുഎഇയില്‍ അരി കിട്ടാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. മാത്രമല്ല, വിലക്കയറ്റം തടയുകയും യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. കയറ്റുമതി ചെയ്യുന്നവര്‍ വാണിജ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വങ്ങണമെന്നാണ് നിര്‍ദേശം.
അതേസമയം, ആശങ്കപ്പെടാനില്ല എന്നാണ് യുഎഇയിലെ ചില്ലറ വിപണിയിലെ പ്രമുഖ കമ്പനികള്‍ അറിയിച്ചത്. ആറ് മാസത്തേക്കുള്ള അരി സ്റ്റോക്കുണ്ടെന്ന് ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. ദുബായിലെയും ഷാര്‍ജയിലെയും ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരാള്‍ക്ക് രണ്ട് ബാഗ് അരി എന്ന പരിധി വച്ചിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.
അരി വില്‍പ്പനയ്ക്ക് നിയന്ത്രണമില്ലെന്നും മതിയായ സ്റ്റോക്കുണ്ടെന്നും കാരിഫോര്‍ മാനേജര്‍ ബെര്‍ട്രാന്‍ഡ് ലൗമയി അറിയിച്ചു. അരി ലഭ്യമാണെന്നും വിലക്കയറ്റത്തിന് സാധ്യതയില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയും യുഎഇയും സ്വീകരിച്ച പുതിയ തീരുമാനങ്ങള്‍ അരി ലഭ്യതയെ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അരി ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് ലുലു ഗ്രൂപ്പ്. വില്‍ക്കുന്ന അളവില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. ആറ് മാസത്തേക്കുള്ള സ്റ്റോക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അല്‍ ആദില്‍ സ്‌റ്റോര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചൊവ്വാഴ്ച എടുത്തുകളഞ്ഞു. എത്ര പാക്ക് അരി ആവശ്യമുണ്ടെങ്കിലും നല്‍കുമെന്നാണ് ഇവര്‍ ഒടുവില്‍ അറിയിച്ചത്.












Click it and Unblock the Notifications