യുഎഇയുടെ കൈപിടിച്ച് സിറിയ; 800 മില്യണ്‍ ഡോളറിന്റെ പദ്ധതി; വന്‍ തുറമുഖം വികസിപ്പിക്കുന്നു
പുതിയ ഭരണകൂടം നിലവില്‍ വന്നതിന് പിന്നാലെ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് സിറിയ നടത്തിവരുന്നത്. യുദ്ധാനന്തര പുനർനിർമ്മാണത്തിനായി ത്വരിതപ്പെടുത്തുന്നതിനായി താർതൂസ് തുറമുഖം ഉള്‍പ്പെടെ പുനഃർനിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനായി ദുബായ് ആസ്ഥാനമായുള്ള ഡിപി വേൾഡുമായി 800 മില്യൺ ഡോളറിന്റെ കരാറിലും സിറിയ ഒപ്പുവെച്ച് കഴിഞ്ഞു.
സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഞായറാഴ്ച ഡമാസ്കസിൽ ഡിപി വേൾഡും ജനറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് സീ പോർട്സും തമ്മിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. സിറിയയുടെ ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് ഈ കരാറിനെ സിറിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചിരിക്കുന്നത്. "ഈ തന്ത്രപ്രധാന നീക്കം ഞങ്ങളുടെ തുറമുഖ പ്രവർത്തനങ്ങളെയും ലോജിസ്റ്റിക്സ് സേവനങ്ങളെയും ശക്തിപ്പെടുത്തും," ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സന റിപ്പോർട്ട് ചെയ്യുന്നു.

മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിന്റെ പതനത്തിനുശേഷം, 2024 ഡിസംബർ മുതൽ സിറിയയുടെ പുതിയ ഭരണനേതൃത്വം അന്താരാഷ്ട്ര കമ്പനികളുമായി സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും യുദ്ധബാധിതമായ രാജ്യത്തെ ആഗോള വിപണിയിലേക്ക് തിരികെ കൊണ്ടുവരാനും വലിയ ശ്രമമാണ് നടത്തി വരുന്നത്.
കരാർ ഒപ്പുവയ്ക്കലിന് ശേഷം സംസാരിച്ച ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലൈം, സിറിയയുടെ സാമ്പത്തിക സാധ്യതകൾ ശക്തമായി തുടരുന്നുവെന്നും താർതൂസ് തുറമുഖം പ്രാദേശിക വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും വ്യക്തമാക്കി. "സിറിയയ്ക്ക് വിലമതിക്കാനാവാത്ത സമ്പത്തുണ്ട്, താർതൂസ് വ്യാപാരത്തിനും കയറ്റുമതിക്കുമുള്ള ഒരു പ്രധാന കേന്ദ്രമാണ്. ഞങ്ങൾ ലക്ഷ്യമിടുന്നത് ഇതിനെ ലോകത്തിലെ പ്രമുഖ തുറമുഖങ്ങളിലൊന്നാക്കി മാറ്റുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു
.അതേസമയം, രാജ്യത്തെ പുതിയ കറന്‍സി അച്ചടിക്കാന്‍ യു എ ഇയും ജർമ്മനിയുമായി സിറിയ നേരത്തെ ധാരണയില്‍ എത്തിയിരുന്നു. 13 വർഷത്തെ യുദ്ധത്തിനു ശേഷം സിറിയയുടെ പുതിയ ഭരണകൂടം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ രൂപത്തിലുള്ള കറന്‍സി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധകാല സഹകരണത്തിനു ശേഷം റഷ്യയുമായുള്ള കറൻസി അച്ഛടി ബന്ധം സിറിയ അവസാനിപ്പിക്കുകയും ചെയ്തു.
ഡിസംബറിൽ റഷ്യയുടെ പിന്തുണയുള്ള ഭരണാധികാരി ബഷാർ അൽ-അസദിന്റെ പതനത്തിനു ശേഷം സിറിയയുടെ വിദേശനയതന്ത്രവും സാമ്പത്തിക നിലപാടും വലിയ തോതില്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണ് ഇത്. ട്രംപ് സിറിയക്കുള്ള അമേരിക്കന്‍ ഉപരോധം പിന്‍വലിച്ചതും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.












Click it and Unblock the Notifications