യുഎഇക്ക് ഒരു വെല്ലുവിളിയും പ്രശ്നമല്ല: വരാനിരിക്കുന്നത് നല്ല നാളുകള്‍; രാജ്യം കുതിക്കും, ജോലി സാധ്യതകളും
പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുകൊണ്ട് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുമായി യു എ ഇ. മുന്നറ്റം തുടരുന്ന യു എ ഇയിലെ സാമ്പത്തിക വളർച്ച 2025 ൽ 5.1 ശതമാനം വർദ്ധിക്കുമെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ (ICAEW) രണ്ടാം പാദത്തിലെ ഏറ്റവും പുതിയ സാമ്പത്തിക അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ 3.8 ശതമാനത്തിൽ നിന്നുള്ള വലിയ വർധനവാണ് യു എ ഇയുടെ സാമ്പത്തിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര വ്യാപാരം, ടൂറിസം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ മുന്നേറ്റത്തോടെ തന്നെ എണ്ണ ഇതര മേഖലകളിലെ ശക്തമായ കുതിപ്പും എണ്ണ ഉൽപാദനത്തിലെ നേട്ടവുമാണ് യു എ ഇയുടെ കുതിപ്പിന് സഹായകരമായിക്കൊണ്ടിരിക്കുന്നത്. 2027 ഓടെ യുഎഇ എണ്ണ ഉൽപാദനം പ്രതിദിനം ശരാശരി 3.8 ദശലക്ഷം ബാരൽ (bpd) ആയിരിക്കുമെന്നും ഐ സി എ ഈ ഡബ്ല്യൂ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക രംഗത്തെ ഈ കുതിപ്പ് തൊഴില്‍ അവസരങ്ങളിലും പോസിറ്റിവായി തന്നെ സ്വാധീനം ചെലുത്തും.

2024-ൽ യു എ ഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റ (GDP) 81% വരുന്ന എണ്ണേതര മേഖല (AED 1.342 ട്രില്യൺ), 2025-ൽ 4.6% വളർച്ച നേടുമെന്നാണ് ഐ സി എ ഈ ഡബ്ല്യൂ പ്രവചിക്കുന്നത്. അതായത് തുടക്കത്തില്‍ പറഞ്ഞത് പോലെ വ്യാപാരം, ടൂറിസം, ഗതാഗതം, നിർമാണം, ഫിനാൻഷ്യൽ സേവനങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ യു എ ഇക്ക് സാധിച്ചു.
വ്യാപര മേഖല 2024-ൽ എണ്ണേതര ജി ഡി പിയുടെ 16.8% വഹിച്ചപ്പോള്‍ 2025-ന്റെ ഒന്നാം പാദത്തിൽ എണ്ണേതര കയറ്റുമതി 40.7% വർധനവോടെ 177.3 ബില്യണ്‍ യു എ ഇ ദിർഹത്തിലെത്തി. ആകെ എണ്ണേതര വിദേശ വ്യാപാരം 18.6% വർധിച്ച് 835 ബില്യണ്‍ ദിർഹവുമായി. പതിവ് ടൂറിസം മേഖലയില്‍ നിന്ന് ഇത്തവണയും കാര്യമായ വിഹിതമുണ്ടായി, 2025 ജനുവരി-ഏപ്രിൽ കാലയളവിൽ 715000 അന്താരാഷ്ട്ര സന്ദർശകരാണ് ദുബായില്‍ എത്തിയത്. അതായത് 2024-നെ അപേക്ഷിച്ച് 15% വർധന. അബുദാബിയുടെ ഹോസ്പിറ്റാലിറ്റി മേഖലയും 2025 മാർചിൽ 611 മില്യൺ ദിർഹം വരുമാനം നേടി. ആകെ 148 മില്യൺ യാത്രികർ യുഎഇ വിമാനത്താവളങ്ങളിലൂടെ കടന്നുപോയെന്നും കണക്കുകള്‍ പറയുന്നു.
2024-ലെ ഒപക് ഉൽപാദന നിയന്ത്രണങ്ങൾ എണ്ണ ജി ഡി പി വളർച്ചയെ 3.9%-ലേക്ക് പരിമിതപ്പെടുത്തിയെങ്കിലും, 2025-ൽ എണ്ണ ഉൽപാദനം 6.2% വർധിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ എണ്ണ ശേഷി 2025 അവസാനത്തോടെ ദിനംപ്രതി 7000 ബാരലിലെത്തുകയാണെങ്കില്‍ ഇത് മൊത്തം ജി ഡി പി വളർച്ചയേയും ത്വരിതപ്പെടുത്തും. അതോടൊപ്പം തന്നെ വിദേശ നിക്ഷേപത്തിലെ വർധനവും കോർപ്പറേറ്റ് നികുതിയും ഈ വർഷം കൂടുതല്‍ വരുമാനം ഉറപ്പ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
'2027-2028 കാലയളവിൽ വിതരണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിന് മുമ്പ് വർദ്ധിച്ച ഉൽപാദന ശേഷി മുതലെടുക്കാനും വരുമാനം പരമാവധിയാക്കാനും സഹായിക്കും. ഇത് ശക്തമായ വരുമാന നേട്ടം നൽകുകയും മൊത്തത്തിലുള്ള ജിഡിപി വളർച്ചയെ പിന്തുണയ്ക്കാൻ സർക്കാരിനെ പ്രാപ്തമാക്കുകയും ചെയ്യും' ഐസിഎഇഡബ്ല്യു പറഞ്ഞു:
അതേസമയം, ആഗോള എണ്ണ വിലയിലെ ചാഞ്ചാട്ടവും ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും 2025-ല യുഎഇ സമ്പദ്വ്യവസ്ഥയെ ബാധിക്കാനുള്ള സൂചനകളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍-ഇസ്രായേല്‍ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് പോകുകയാണെങ്കിവ്‍ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായ യു എ ഇയേയും അത് സാരമായി തന്നെ ബാധിച്ചേക്കും.












Click it and Unblock the Notifications