ഘാനയുടെ സ്വർണം മൊത്തം മോഷ്ടിക്കപ്പെടുന്നു; എത്തുന്നത് യുഎഇയിലേക്ക്: വഴികളും അറിയാം, പക്ഷെ..
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം വ്യാപാരം ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് യു എ ഇ. ഒരു സ്വർണ ഖനി പോലും ഇല്ലാത്ത രാജ്യത്ത് എവിടുന്ന് ഇത്രയും സ്വർണം എത്തുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആഫ്രിക്ക എന്നാണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും യു എ ഇക്ക് വലിയ തോതില്‍ സ്വർണം എത്തുന്നു. ഇത്തരത്തില്‍ എത്തുന്ന എല്ലാ സ്വർണം നേരായ മാർഗ്ഗത്തിലൂടെയല്ല യു എ ഇയിലെ കച്ചവടക്കാർ സ്വന്തമാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സ്വർണ്ണം ഈ തരത്തില്‍ യു എ ഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കള്ളക്കടത്ത് നടത്തുന്നത് ആഫ്രിക്കക്കാർ വലിയ നഷ്ടവും ഉണ്ടാക്കുന്നു. ഘാനയുടെ മാത്രം കാര്യം എടുക്കുകയാണെങ്കില്‍ ഒരോ വർഷവും ബില്യണ്‍ കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമാണ് സ്വർണഖനന മേഖലയില്‍ നിന്നുള്ള കള്ളക്കടത്ത് മൂലം ഉണ്ടാകുന്നതെന്നാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള സ്വിസ്സ്എയ്ഡ് എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഘാനയില്‍ നിന്നും കടത്തപ്പെടുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കാണ് (യുഎഇ) എത്തുന്നത്. 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷത്തിനിടെ ഘാനയുടെ സ്വർണ്ണ കയറ്റുമതിയും അനുബന്ധ ഇറക്കുമതിയും തമ്മിൽ 229 മെട്രിക് ടണിന്റെ വ്യത്യാസമാണുള്ളത് (11.4 ബില്യൺ ഡോളർ) എന്നും റിപ്പോർട്ട് പറയുന്നു.
ഘാനയിൽ നിന്നുള്ള സ്വർണ്ണം പ്രധാനമായും അയൽരാജ്യമായ ടോഗോ വഴിയാണ് ദുബായിലേക്ക് കടത്തപ്പെടുന്നത്. ചില സ്വർണ്ണം ബുർക്കിന ഫാസോ, മാലി എന്നിവയിലൂടെയും ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുന്നു. അതിർത്തിയിലെ പരിശോധന ശക്തമല്ലാത്തതും കൈക്കൂലിയും മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങള്‍ കടത്ത് സജീവമാക്കുന്നത്.
'സ്വർണവുമായി ബന്ധപ്പെട്ടുള്ള ദുബായിയുടെ നയവും കടത്തുകാർക്ക് അനുകൂലമാണ്. സ്വർണം എവിടെ നിന്ന് എങ്ങനെ കൊണ്ടുവരുന്നു എന്നതൊന്നും ദുബായില്‍ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പ്രധാനമായും വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തരത്തിലുള്ള കടത്ത് ശക്തമായിരിക്കുന്നത്' ജർമനിയിലെ കോൺറാഡ് അഡിനോവർ ഫൗണ്ടേഷന്റെ സഹേൽ പ്രോഗ്രാം മേധാവി ഉൾഫ് ലേസിംഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
2019-ൽ ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപാദക രാജ്യമായ ഘാന, ആർട്ടിസനൽ സ്വർണ്ണ കയറ്റുമതിക്ക് 3% വിത്തോൾഡിംഗ് ടാക്സ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ നടപടി വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഔദ്യോഗിക കയറ്റുമതി തകർന്നടിയു കടത്ത് കുതിച്ചുയരുകയും ചെയ്തു. 2022-ൽ ഈ നികുതി 1.5%-ലേക്ക് കുറച്ചതോടെയാണ് ഔദ്യോഗിക കയറ്റുമതിയില്‍ നേരിയ വർധനവ് ഉണ്ടായത്. കഴിഞ്ഞ മാർച്ചില്‍ ഈ നികുതി രാജ്യം പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു.
2023-ൽ സ്വർണ്ണ കയറ്റുമതിയിൽ നിന്ന് 11.6 ബില്യൺ ഡോളർ വരുമാനം നേടിയെങ്കിലും, കടത്ത് മൂലം 11.4 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. സാമ്പത്തികമായി വലിയ വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്തെ സംബന്ധിച്ച് ഈ നഷ്ടം അത്ര ചെറുതല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കാൻ ഘാന സർക്കാർ കേന്ദ്രീകൃതവും സുതാര്യവുമായ വ്യാപാര സംവിധാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ പൂർണ്ണ തോതില്‍ പ്രാവർത്തികമായിട്ടില്ല.
ഘനയ്ക്ക് സമാനമായ വെല്ലുവിളി മറ്റ് പല ആഫ്രിക്കന്‍ രാജ്യങ്ങളും നേരിടുന്നുണ്ട്. 2012 മുതൽ 2022 വരെ, 2,569 ടൺ സ്വർണ്ണം (115.3 ബില്യൺ ഡോളർ മൂല്യം) ആഫ്രിക്കയിൽ നിന്ന് യുഎഇയിലേക്ക് കടത്തപ്പെട്ടതായാണ് സ്വിസ്സ്എയ്ഡ് കണക്കാക്കുന്നത്. 2022-ൽ മാത്രം, 435 ടൺ സ്വർണ്ണം (30.7 ബില്യൺ ഡോളർ) ആഫ്രിക്കയിൽ നിന്ന് കടത്തപ്പെട്ടു, ഇതിന്റെ 80-85% യുഎഇയിലേക്കാണ് എത്തിയത്.
മാലി, ജിംബാബ്‌വെ, ഘാന എന്നിവയാണ് കടത്തിന്റെ പ്രധാന ഉറവിടങ്ങൾ. ഈ സ്വർണ്ണം പലപ്പോഴും ടോഗോ, ബുർക്കിന ഫാസോ, ഉഗാണ്ട, റുവാണ്ട എന്നിവയിലൂടെ യുഎഇയിലേക്ക് എത്തുന്നു. യു എ ഇയില്‍ സ്വർണം എത്തിയാല്‍ പിന്നെ അതിന്റെ ഉറവിടം അന്വേഷിച്ച് ആരും പോകില്ല. എങ്കിലും സ്വർണ്ണ മേഖലയുമായി ബന്ധപ്പെട്ട് 2023ല്‍ 6,432 സംശയാസ്പദമായ പ്രവർത്തന റിപ്പോർട്ടുകൾ രേഖപ്പെടുത്തിയതായും, 78 മില്യൺ ദിർഹം (21.2 മില്യൺ ഡോളർ) പിഴകൾ ചുമത്തിയതായും യുഎഇ മന്ത്രാലയം പറയുന്നുണ്ട്.












Click it and Unblock the Notifications