യുഎഇ ശമ്പളം 6000 ദിര്‍ഹമാക്കി ഉയര്‍ത്തി; ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം, കമ്പനികള്‍ പെടും
ദുബായ്: 2026 ജനുവരി 1 മുതല്‍ യുഎഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ചുരുങ്ങിയത് 6000 ദിര്‍ഹം പ്രതിമാസ ശമ്പളം നിര്‍ബന്ധമാക്കി. ഹ്യൂമന്‍ റിസോഴ്സ് ആന്റ് എമിറാറ്റൈസേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ദേശീയ തൊഴില്‍ മാനദണ്ഡങ്ങളും ശമ്പള വ്യവസ്ഥകളും ശക്തിപ്പെടുത്തുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. കമ്പനികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്ന നടപടിയാണിത്.
എമിറാറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും പൊതുമേഖലയ്ക്ക് പുറത്ത് സേവനമനുഷ്ഠിക്കുന്ന പൗരന്മാരുടെ തൊഴില്‍ സുരക്ഷയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനം. ശമ്പള വ്യവസ്ഥകള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ തടയുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ ഡിസംബര്‍ 27-നാണ് ഈ പുതിയ നിയമം സംബന്ധിച്ച അറിയിപ്പ് വന്നത്. എമിറാത്തി തൊഴില്‍ പെര്‍മിറ്റുകള്‍ പുറത്തിറക്കുക, പുതുക്കുക, ഭേദഗതി വരുത്തുക എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്വകാര്യമേഖലാ സേവനങ്ങള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.
നിയമം പാലിച്ചില്ലെങ്കിലെന്ത് സംഭവിക്കും
2026 ജനുവരി 1 മുതല്‍ 6000 ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളം രേഖപ്പെടുത്തിയ ഒരു എമിറാത്തി തൊഴില്‍ പെര്‍മിറ്റ് അപേക്ഷയും സ്വീകരിക്കുകയോ അനുവദിക്കുകയോ ചെയ്യില്ല. ശമ്പള വ്യവസ്ഥ പാലിക്കാത്ത പക്ഷം അപേക്ഷകള്‍ പ്രിന്റ് ചെയ്യാനോ സമര്‍പ്പിക്കാനോ തൊഴിലുടമകളെ അനുവദിക്കുകയുമില്ല.
പുതിയ നിയമം സംബന്ധിച്ച് തൊഴിലുടമകളെ അറിയിക്കാന്‍ മന്ത്രാലയം തങ്ങളുടെ സേവന ചാനലുകളിലൂടെയും സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും ഓട്ടോമേറ്റഡ് മുന്നറിയിപ്പുകള്‍ നല്‍കും. ശമ്പളം 2026 ജൂണ്‍ 30-നകം പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കണം. ഈ തീയതിക്ക് ശേഷം നിയമം പാലിക്കാത്ത പക്ഷം ജീവനക്കാരെ എമിറാറ്റൈസേഷന്‍ ക്വാട്ടയില്‍ നിന്ന് ഒഴിവാക്കും. ഇത് കൂടാതെ, പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിനും സ്ഥാപനത്തിന് വിലക്കേര്‍പ്പെടുത്തും.
പുതിയതായി നല്‍കുന്നതോ, പുതുക്കുന്നതോ, ഭേദഗതി വരുത്തുന്നതോ ആയ രണ്ട് വര്‍ഷത്തെ കാലാവധിയുള്ള എമിറാറ്റി തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് മാത്രമാണ് 6000 ദിര്‍ഹം ചുരുങ്ങിയ വേതനം ബാധകമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥകള്‍ 2026 ജനുവരി 1 മുതല്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.
നേരത്തെ, 2025 ജനുവരി 1 മുതല്‍ നിയമിച്ച എമിറാറ്റികള്‍ക്ക് 2025 ഫെബ്രുവരി അവസാനത്തോടെ കുറഞ്ഞത് 5000 ദിര്‍ഹം ശമ്പളം നല്‍കണമെന്ന് മന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. ഈ പഴയ നിയമം പാലിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ എമിറാറ്റൈസേഷന്‍ ലക്ഷ്യങ്ങളില്‍ നിന്ന് ഒഴിവാക്കുകയും പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications