യുഎഇയും സൗദി അറേബ്യയും പ്ലാന്‍ ബി പുറത്തെടുത്തു; 2 പൈപ്പ് ലൈന്‍ സജീവം, ഹോര്‍മുസ് വിട്ടു
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ ക്രൂഡ് ഓയില്‍, പ്രകൃതി വാതക വിതരണം പ്രതിസന്ധിയിലാണ്. ഹോര്‍മുസ് കടലിടുക്ക് പാത അടച്ചതാണ് പ്രധാന വെല്ലുവിളി. അമേരിക്കും സഖ്യരാജ്യങ്ങള്‍ക്കും സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യം. അതിനിടെയാണ് ഇറാനിലെ തന്ത്ര പ്രധാനമായ ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയത്.
ശക്തമായ തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജിസിസി രാജ്യങ്ങളിലും ഇറാഖിലും ജോര്‍ദാനിലുമെല്ലാം ഇറാന്‍ ആക്രമണം നടത്തി. ഹോര്‍മുസ് അടയ്ക്കുക കൂടി ചെയ്തതോടെ ജിസിസി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ചു. എന്നാല്‍ ഇതിനിടെ സൗദി അറേബ്യയും യുഎഇയും ബദല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളിലും പൈപ്പ് ലൈന്‍ റെഡിയാണ്.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്‍ ആണ് സൗദി അറേബ്യയിലുള്ളത്. രാജ്യത്തെ എണ്ണ സമ്പന്നമായ കിഴക്കന്‍ ഗള്‍ഫ് തീരത്ത് നിന്ന് ചെങ്കടലിലെ യാമ്പുവിലേക്കാണ് ഈ പൈപ്പ് ലൈന്‍. 750 മൈല്‍ ദൂരത്തില്‍ സ്ഥാപിച്ച പൈപ് ലൈന്‍ സൗദി അറേബ്യയ്ക്ക് ഈ അവസരത്തില്‍ മുതല്‍കൂട്ടായി. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ക്രൂഡ് ഓയില്‍ ഈ പൈപ്പ് ലൈന്‍ വഴി ചെങ്കടലില്‍ എത്തിക്കുകയാണ് സൗദി.
ഒരു ദിവസം ഏഴ് മില്യണ്‍ ബാരല്‍ എണ്ണയാണ് ഈ പൈപ്പ് ലൈന്‍ വഴി സൗദിക്ക് വിതരണം ചെയ്യാന്‍ സാധിക്കുക. ഹോര്‍മുസ് വഴി കയറ്റുമതി ചെയ്യുന്നതിന്റെ അത്രയും ശേഷി പൈപ്പ് ലൈന്‍ വഴി സാധ്യമാകില്ല. എങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ ആശ്വാസമാണ് എന്ന് മാത്രം. ഇറാന്റെ ആക്രമണം കാരണം ചില റിഫൈനറികള്‍ സൗദി അരാംകോ അടയ്ക്കുകയും ചെയ്തു.
യുഎഇയില്‍ ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്കാണ് പൈപ്പ് ലൈന്‍ ഉള്ളത്. 248 മൈല്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ പൈപ്പ് ലൈന്‍ വഴി 15 ലക്ഷം ബാരല്‍ എണ്ണയാണ് വിതരണം ചെയ്യാന്‍ സാധിക്കുക. ഹോര്‍മുസ് പാത ഒഴിവാക്കി സഞ്ചരിക്കാന്‍ എണ്ണ കപ്പലുകള്‍ക്ക് വഴിയൊരുക്കുന്നതാണ് രണ്ട് പൈപ്പ് ലൈനുകളും. ഇതുവഴിയുള്ള കയറ്റുമതി ചെലവ് കൂട്ടും.
യുദ്ധം ഉടന്‍ തീരില്ലെന്ന് വ്യക്തമായി
പുതിയ സാഹചര്യത്തില്‍ യുദ്ധം ഉടന്‍ തീരില്ല എന്നാണ് വ്യക്തമാകുന്നത്. ഇറാന്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക ആക്രമിച്ചത് ഇതിന്റെ സൂചനയാണ്. ഇതോടെ ഇറാന്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന വിവരം വന്നിട്ടുണ്ട്. മാത്രമല്ല, അമേരിക്കയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ ഇറാന്‍ വെടിവച്ചിട്ടു. സൗദി അറേബ്യയിലാണ് ഇത്രയും നഷ്ടം അമേരിക്കക്ക് ഉണ്ടായിരിക്കുന്നത്. സൗദിയുടെയും യുഎഇയുടെയും പൈപ്പ് ലൈന്‍ ഇറാന്‍ ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന ട്രംപിന്റെ പ്രതികരണം വിപണിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആക്രമണം തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ക്രൂഡ് ഓയില്‍ വില വീണ്ടും കയറുകയാണ്. യുദ്ധം തുടങ്ങിയ വേളയില്‍ 115 ഡോളര്‍ വരെ ഉയര്‍ന്ന ബാരല്‍ വില പിന്നീട് 90 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇന്നലെ മുതല്‍ ചിത്രം മാറി. ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നു.












Click it and Unblock the Notifications