സ്‌കൂളിലിരുന്ന് ഉറങ്ങി അധ്യാപിക, ചിത്രമെടുത്ത് പ്രചരിപ്പിച്ച സഹപ്രവര്‍ത്തകക്ക് വന്‍തുക പിഴ
ദുബായ്: സ്‌കൂളിലിരുന്ന് ഉറങ്ങിയ അധ്യാപികയുടെ ചിത്രം എടുത്ത് ഷെയര്‍ ചെയ്തതിന് സ്‌കൂള്‍ ജീവനക്കാരിക്ക് വന്‍ തുക പിഴ. 2000 ദിര്‍ഹമാണ് സ്വകാര്യതാ ലംഘന കുറ്റത്തിന് ദുബായ് കോടതി ജീവനക്കാരിക്ക് പിഴയായി ചുമത്തിയത്. ഒരു സ്വകാര്യ സ്‌കൂളില്‍ ക്ലാസുകള്‍ക്കിടയിലെ ഇടവേളയ്ക്കിടെ അധ്യാപകരുടെ വിശ്രമമുറിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു അധ്യാപിക. ഇതിനിടെയാണ് സ്‌കൂളിലെ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ജീവനക്കാരി ചിത്രം പകര്‍ത്തിയത്.
അധ്യാപിക അറിയാതെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്തത്. അധ്യാപികയുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു. തുടര്‍ന്ന് ചിത്രം വാട്സാപ്പ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ചൂണ്ടിക്കാട്ടി അധ്യാപിക പരാതി നല്‍കി. ജീവനക്കാരിക്കെതിരെ നിയമനടപടി ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ചെയ്തത് തന്റെ ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് സംഭവം ജീവനക്കാരി ന്യായീകരിച്ചു. അതേസമയം അധ്യാപികയുടെ സ്വകാര്യത ലംഘിച്ചതിന് വനിതാ സ്‌കൂള്‍ ജീവനക്കാരി കുറ്റക്കാരിയാണെന്ന് ദുബായ് കോടതി കണ്ടെത്തി എന്ന് അറബിക് ദിനപത്രമായ ഇമാറത്ത് അല്‍ യൂമില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജീവനക്കാരിയോട് കോടതി ദയ കാണിക്കുകയും 2000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു.
മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ യു എ ഇയില്‍ കര്‍ശന നിയമങ്ങളുണ്ട്. ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്താല്‍ ആറ് മാസത്തെ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. ദോഷം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ എടുക്കല്‍, പങ്കിടല്‍ അല്ലെങ്കില്‍ പ്രസിദ്ധീകരിക്കല്‍ എന്നിവ എല്ലാം ഈ കുറ്റകൃത്യത്തില്‍ ഇതില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications