യുഎഇ സ്വസ്ഥം!! തൊട്ടുപിന്നില്‍ ഖത്തര്‍, ഒമാന്‍; 14ാം സ്ഥാനത്ത് സൗദി അറേബ്യ, ആദ്യ 20ല്‍ ബഹ്‌റൈനും
ദുബായ്: ലോകത്ത് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തിളങ്ങി ജിസിസി. ആദ്യ 20ല്‍ ജിസിസിയിലെ അഞ്ച് രാജ്യങ്ങളും ഇടംപിടിച്ചു. നംബിയോ തയ്യാറാക്കിയ 2025ലെ സുരക്ഷിതത്വ സൂചിക റിപ്പോര്‍ട്ടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള രാജ്യങ്ങളില്‍ ജിസിസി മേഖല തിളങ്ങിയത്. ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍ ലാഡന്‍ അദമോവിക് രൂപീകരിച്ച ഓണ്‍ലൈന്‍ ഡാറ്റബേസ് ആണ് നംബിയോ.
ഓരോ രാജ്യങ്ങളും സന്ദര്‍ശിച്ച ജനങ്ങളുടെ പ്രതികരണം, ഈ രാജ്യങ്ങളെ കുറിച്ച് വന്നിട്ടുള്ള അഭിപ്രായങ്ങള്‍, സര്‍വ്വെകള്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, തര്‍ക്കങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശോധിച്ചിട്ടാണ് നംബിയോ സുരക്ഷിതത്വം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഫ്രാന്‍സിനും സ്‌പെയിനിനുമിടയിലുള്ള യൂറോപ്പിലെ കൊച്ചുരാജ്യമായ അന്‍ഡോറയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്...

യുഎഇയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഖത്തറും അഞ്ചാം സ്ഥാനത്ത് ഒമാനും ഇടംപിടിച്ചു. സൗദി അറേബ്യ 14ാം സ്ഥാനത്തും ബഹ്‌റൈന്‍ 16ാം സ്ഥാനത്തുമുണ്ട്. ആഗോള തലത്തില്‍ കുറ്റകൃത്യ നിരക്ക് വളരെ കുറവുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് യുഎഇക്കുള്ളത്. അതുതന്നെയാണ് സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇടംപിടിക്കാന്‍ കാരണം.
യുഎഇ തിളങ്ങാന്‍ കാരണം
കുറ്റകൃത്യങ്ങളോട് യുഎഇ സ്വീകരിക്കുന്ന സമീപനം എടുത്തു പറയേണ്ടതാണ്. മുഖം നോക്കാതെ ശിക്ഷ നല്‍കുന്നതാണ് യുഎഇയുടെ രീതി. പൊതുസ്ഥലത്ത് മോശമായി പെരുമാറുന്നതും യുഎഇ തടയുന്നു. ലഹരിക്കെതിരെ കടുത്ത നടപടിയാണ് യുഎഇ സ്വീകരിക്കാറ്. നിയമം കാര്യക്ഷമമായി നടപ്പാക്കിയാണ് യുഎഇ സുരക്ഷിതത്വം കാത്തു സൂക്ഷിക്കുന്നത്.
യുഎഇയില്‍ എവിടെയും അധികൃതരുടെ നിരീക്ഷണ വലയമുണ്ട്. ദുബായ്, അബുദാബി, ഷാര്‍ജ പോലുള്ള പ്രധാന എമിറേറ്റുകളില്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ കുറ്റകൃത്യം ഫലപ്രദമായി തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നു. എഐ ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും യുഎഇ പോലീസ് ത്വരിത നടപടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.
യുഎഇയുടെ സാമ്പത്തിക രംഗം ഭദ്രമാണ്. ജീവിത നിലവാരം ഉയര്‍ന്നതായതും കുറ്റകൃത്യം കുറയാന്‍ കാരണമാണ്. ഭക്ഷ്യ വസ്തുക്കള്‍ ഏറ്റവും നിലവാരമുള്ളതാണ് യുഎഇയില്‍ വില്‍പ്പന നടത്തുന്നത്. സാമൂഹിക-സാമ്പത്തിക അസമത്വം യുഎഇയില്‍ കുറവാണ്. പല രാജ്യങ്ങളിലും മറിച്ചു സംഭവിക്കുന്നതാണ് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുക.
വെനസ്വേല ഏറ്റവും പിന്നില്‍
രാത്രികാലങ്ങളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തുപോയി സുരക്ഷിതമായി മടങ്ങി വീട്ടിലെത്താന്‍ സാധിക്കുന്ന സാഹചര്യം യുഎഇയിലുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരികള്‍ യുഎഇയെ ഇഷ്ടപെടാനുള്ള കാരണങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സുരക്ഷിതത്വ പട്ടികയില്‍ രണ്ടാംസ്ഥാനം ലഭിക്കാന്‍ യുഎഇയെ സഹായിച്ചിട്ടുണ്ട്.
അന്‍ഡോറ, യുഎഇ, ഖത്തര്‍, തായ്‌വാന്‍, ഒമാന്‍, ഇസ്ലെ ഓഫ് മാന്‍, ഹോങ്കോങ്, അര്‍മേനിയ, സിംഗപ്പൂര്‍, ജപ്പാന്‍, മൊനാകോ, എസ്‌റ്റോണിയ, സ്ലൊവേനിയ, സൗദി അറേബ്യ, ചൈന, ബഹ്‌റൈന്‍, സൗത്ത് കൊറിയ, ക്രൊയേഷ്യ, ഐസ്ലാന്റ്, ഡെന്‍മാര്‍ക്ക് എന്നിവയാണ് ആദ്യ 20ല്‍ സ്ഥാനം പിടിച്ച രാജ്യങ്ങള്‍. 147 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. വെനസ്വേലയാണ് 147ാം സ്ഥാനത്തുള്ളത്. പപുവ ന്യൂ ഗിനിയ 146, ഹെയ്തി 145, അഫ്ഗാനിസ്താന്‍ 144, സൗത്ത് ആഫ്രിക്ക 143 എന്നിവയാണ് ഏറ്റവും ഒടുവിലെ സ്ഥാനങ്ങളില്‍.












Click it and Unblock the Notifications