യുഎഇ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കാന്‍ ഫീസ്; പുതിയ നിരക്കുകള്‍ അറിയാം
അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പ്രവേശന ഫീസ്. ആരാധനയ്ക്കായി എത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും വിനോദസഞ്ചാരികളും മറ്റ് സന്ദര്‍ശകരുമാണ് ഫീസ് നല്‍കേണ്ടത്. മോസ്‌ക് അധികൃതര്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
യുഎഇ എമിറേറ്റ്‌സ് ഐഡി ഉള്ളവര്‍ക്ക് 5 ദിര്‍ഹവും വിദേശങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് 10 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി എത്തുന്ന സന്ദര്‍ശകര്‍ക്ക് 8 ദിര്‍ഹമാണ് ഫീസ്. 60 വയസ് കഴിഞ്ഞവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശന നിരക്കുകള്‍ ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിക്കും.

പ്രവേശന ഫീസിന് പുറമെ, മോസ്‌ക് സമുച്ചയത്തില്‍ പുതുതായി ഒരുക്കിയിട്ടുള്ള ലൈറ്റ് ആന്‍ഡ് പീസ് മ്യൂസിയം, 360 ഡിഗ്രി ദൃശ്യാനുഭവം സമ്മാനിക്കുന്ന ദിയ എക്‌സിബിഷന്‍ എന്നിവ സന്ദര്‍ശിക്കാന്‍ പ്രത്യേകം ടിക്കറ്റ് എടുക്കണം. ഓരോന്നിനും 25 ദിര്‍ഹവും ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 40 ദിര്‍ഹവുമാണ് നിരക്ക്.
മോസ്‌കിന്റെ പ്രധാന പ്രാര്‍ഥനാ ഹാള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 30 ദിര്‍ഹത്തിന്റെ പ്രത്യേക ടിക്കറ്റ് എടുക്കാം. പ്രാര്‍ഥനാ സമയങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സന്ദര്‍ശകര്‍ക്ക് പ്രധാന ഹാളിനുള്ളില്‍ വെച്ച് പ്രാര്‍ഥനകള്‍ നടത്താന്‍ അനുവാദമില്ല. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പ്രാര്‍ഥനാ ഹാളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലെത്തുന്നവര്‍ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ മുടി മറയ്ക്കുകയും കൈത്തണ്ടയും കണങ്കാലും വരെ മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. സുതാര്യമായതോ ഇറുകിയതോ ആയ വസ്ത്രങ്ങള്‍, ഷോര്‍ട്ട്‌സ്, സ്ലീവ്‌ലെസ് ടോപ്പുകള്‍ എന്നിവ അനുവദിക്കില്ല. സന്ദര്‍ശകര്‍ക്ക് സമീപത്തെ സൂഖ് അല്‍ ജാമില്‍ നിന്നും 45 ദിര്‍ഹം നല്‍കി അബായകള്‍ വാങ്ങാം.
പുരുഷന്മാര്‍ കണങ്കാല്‍ വരെ മറയുന്ന നീളമുള്ള പാന്റുകളും ചുരുങ്ങിയത് അര്‍ധ കൈകളുള്ള കുപ്പായങ്ങളും ധരിക്കണം. ഷോര്‍ട്ട്‌സ്, കൈയില്ലാത്ത വസ്ത്രങ്ങള്‍, മോശം വാചകങ്ങളുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ല. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8.30 വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11.30 വരെയും തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 3 മുതല്‍ രാത്രി 8.30 വരെയുമായിരിക്കും പ്രവേശനം.
പള്ളി കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം 31 ലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തിയത്. 78 ശതമാനം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 52 ശതമാനം പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈന, റഷ്യ, അമേരിക്ക, ജര്‍മ്മനി എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.


Click it and Unblock the Notifications
