യുഎഇ തിളങ്ങുന്നു; കൈവരിച്ചത് അതുല്യ നേട്ടം, 5 ലക്ഷം കോടിയുടെ വ്യാപാരം, ഇന്ത്യയ്ക്കുമുണ്ട് ലക്ഷ്യം
ദുബായ്: വ്യാപാര രംഗത്ത് വലിയ നേട്ടം കൈവരിച്ച് യുഎഇ. പ്രവാസികള്‍ ഏറെയുള്ള യുഎഇയുടെ നേട്ടം അറിയാന്‍ മലയാളികള്‍ക്കും കൗതുകമുണ്ടാകും. 2024ല്‍ 5.23 ലക്ഷം കോടി ദിര്‍ഹത്തിന്റെ വിദേശ വ്യാപാരമാണ് യുഎഇ നടത്തിയത്. 2021ലെ കണക്കുമായി നോക്കുമ്പോള്‍ 48 ശതമാനം വര്‍ധനവാണിത്. അന്ന് 3 ലക്ഷം കോടി ദിര്‍ഹമായിരുന്നു വ്യാപാരം.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഏറ്റവും പുതിയ കണക്കുകളാണ് യുഎഇയുടെ വ്യാപാര കരുത്ത് വ്യക്തമാക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. യുഎഇയുടെ വ്യാപാര മിച്ചം 490 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

യുഎഇയുടെ സര്‍വീസ് കയറ്റുമതി 650 ബില്യണ്‍ ദിര്‍ഹമായിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വീസ് കയറ്റുമതി മാത്രം 191 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. മൊത്തം സര്‍വീസ് കയറ്റുമതിയുടെ 30 ശതമാനം ഡിജിറ്റല്‍ സര്‍വീസ് കയറ്റുമതിയാണ്. സാങ്കേതിക വിദ്യ വിദഗ്ധമായി ഉപയോഗിക്കുന്നതിലൂടെയാണ് ഈ ലാഭം യുഎഇക്ക് നേടാന്‍ സാധിച്ചത്. അതേസമയം, ചരക്കു കയറ്റുമതി 2.2 ലക്ഷം കോടി ദിര്‍ഹമായി വര്‍ധിച്ചു. ആറ് ശതമാനമാണ് കൂടിയത്.
പശ്ചിമേഷ്യയിലെ മൊത്തം കയറ്റുമതിയുടെ 41 ശതമാനം യുഎഇയിലാണ്. യുഎഇ പശ്ചിമേഷ്യയിലെ കയറ്റുമതി കേന്ദ്രമായി മാറിയെന്നും ശൈഖ് മുഹമ്മദ് പറയുന്നു. പുതിയ സാമ്പത്തിക നയമാണ് യുഎഇയുടെ കുതിപ്പിന് കാരണം. അന്തര്‍ദേശീയ സമൂഹവുമായി സഹകരിച്ചാണ് യുഎഇയുടെ യാത്ര. നിയന്ത്രണമില്ലാത്ത വ്യാപാരം നേട്ടം കൈകവരിക്കാന്‍ ഈ നയം സഹായിച്ചു. എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധമുണ്ടാക്കിയതും ഗുണമായി.
കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പാലമാകാന്‍ യുഎഇക്ക് സാധിച്ചുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ചരക്കുകയറ്റുമതിയില്‍ ആഗോള തലത്തില്‍ 11ാം സ്ഥാനമാണ് യുഎഇക്കുള്ളത് എന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു. സേവന കയറ്റുമതിയില്‍ 13ാം സ്ഥാനവും. യുഎഇ തയ്യാറാക്കിയ അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ ഫലം കണ്ടു എന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം
ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര പങ്കാളിത്ത വ്യാപാര കരാര്‍ നിലവിലുണ്ട്. ഒട്ടേറെ നികുതി ഇളവുകള്‍ നല്‍കുന്ന കരാറാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ ഈ കരാര്‍ പ്രകാരമുള്ള വ്യാപാരം 10000 കോടി ഡോളറിലേക്ക് അടുക്കുകയാണ് എന്ന് അടുത്തിടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. എണ്ണ ഇതര വ്യാപാരത്തിന്റെ കണക്കാണിത്.
ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് ശേഷമാണ് വ്യാപാരം ശക്തിപ്പെട്ടത്. വികസിത രാജ്യമെന്ന സ്വപ്‌നത്തിലേക്ക് ഇന്ത്യ അടുക്കുമ്പോള്‍ യുഎഇ ഇതിന് സഹായിക്കുകയാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. 2022ലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചത്. 2021ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 43.3 ബില്യണ്‍ ഡോളറിന്റേതായിരുന്നു എങ്കില്‍ 2024ല്‍ ഇത് 83.7 ബില്യണ്‍ ഡോളറിന്റേതായി വളര്‍ന്നു.
യുഎഇക്ക് പിന്നാലെ ഒമാനുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമിക്കുകയാണ്. അന്തിമഘട്ട ചര്‍ച്ചയിലേക്ക് ഇരുരാജ്യങ്ങലും കടന്നു കഴിഞ്ഞു. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നികുതി ഇളവ് പ്രഖ്യാപിക്കും. ഏതൊക്കെ ചരക്കുകള്‍ക്കും വസ്തുക്കള്‍ക്കുമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ ധാരണയായാല്‍ കരാര്‍ ഒപ്പുവയ്ക്കും. വൈകാതെ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് അടുത്തിടെ വന്ന വിവരം. ഇന്ത്യയുടെ ചരക്കുകള്‍ ഒമാനിലേക്കും യുഎഇയിലേക്കും എത്തിക്കുന്നത് വഴി ആഗോള വ്യാപാര രംഗത്ത് സുപ്രധാന നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.












Click it and Unblock the Notifications