പാകിസ്ഥാനിലെ സ്വര്‍ണം യുഎഇ കുഴിച്ചെടുക്കും.. പാക് റെയില്‍വേയെ ഇത്തിഹാദ് സഹായിക്കും; വമ്പന്‍ കരാര്‍
ഇസ്ലാമാബാദ്: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാന സാമ്പത്തിക, വികസന മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായിരുന്നു കൂടിക്കാഴ്ച.
യുഎഇ-പാകിസ്ഥാന്‍ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കണം എന്നും ഇതുവരെ നേടിയെടുത്ത ഗണ്യമായ നാഴികക്കല്ലുകള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് എടുത്തുപറഞ്ഞു. റെയില്‍വേ ശൃംഖല വിപുലീകരണം, പ്രകൃതിവിഭവ പര്യവേക്ഷണം, സാമ്പത്തിക മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയിലുടനീളം പുരോഗതി കൈവരിക്കുന്നതിന് വേണ്ട ഫലപ്രദമായ ചര്‍ച്ചകള്‍ ഇരുനേതാക്കള്‍ക്കിടയിലും നടന്നു എന്നാണ് വിവരം.

ഷെയ്ഖ് ഖാലിദും ഷെഹ്ബാസ് ഷെരീഫും വിവിധ മേഖലകളിലുടനീളമുള്ള നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പുതിയ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം, പാകിസ്ഥാനിലെ നിലവിലുള്ള റെയില്‍വേ ശൃംഖലയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തിഹാദ് റെയിലും പാകിസ്ഥാന്‍ റെയില്‍വേ മന്ത്രാലയവും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
പാകിസ്ഥാനിലുടനീളമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, മൊബിലിറ്റി സുഗമമാക്കുക, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നിവയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. കൂടാതെ, ബലൂചിസ്ഥാനിലെ ചാഗായി ജില്ലയില്‍ ചെമ്പിനും സ്വര്‍ണ്ണത്തിനുമായി സംയുക്ത പര്യവേക്ഷണ പദ്ധതി സ്ഥാപിക്കുന്നതിനായി പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും കരാറായിട്ടുണ്ട്.
ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ഭാഗമായ 2 പോയന്റ് സീറോയുടെ അനുബന്ധ സ്ഥാപനമായ ഇന്റര്‍നാഷണല്‍ റിസോഴ്സസ് ഹോള്‍ഡിംഗും മാരി എനര്‍ജീസും തമ്മില്‍ ഖനന മേഖലയിലെ ഒരു കരാറില്‍ ഒപ്പുവച്ചു.
2 പോയന്റ് സീറോയുടെ അനുബന്ധ സ്ഥാപനമായ ഈവ് ഹോള്‍ഡിംഗ് ആര്‍സിഎസ്സും ഫസ്റ്റ് വുമണ്‍ ബാങ്ക് ലിമിറ്റഡും തമ്മിലും ഒരു പ്രതിബദ്ധതാ കരാറില്‍ ഒപ്പുവച്ചു. കരാറിന് കീഴില്‍ ഈവ് ഹോള്‍ഡിംഗ് ആര്‍സിഎസ് ബാങ്കിന്റെ 82.64 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്. മേഖലയിലെ വ്യാപാര, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി കറാച്ചി തുറമുഖത്തിനും പോര്‍ട്ട് ഖാസിമിനും സമീപം ഒരു പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കും. ഇതിനായി എഡി പോര്‍ട്ട്‌സ് ഗ്രൂപ്പും പാകിസ്ഥാന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചു.












Click it and Unblock the Notifications