സൗദി അറേബ്യ അടിച്ച് കയറിയപ്പോള്‍ യുഎഇ നേരിട്ടത് വന്‍ തിരിച്ചടി: റഷ്യയും പിന്നോട്ട്
ഫെബ്രുവരി മാസത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വർധനവ്. പ്രതിവർഷത്തെ കണക്കില്‍ 7.5% ഉയർന്ന് 13253.13 മില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഫെബ്രുവരിയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കും ഇടയിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കുള്ള മൊത്തം ചെലവ് ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% കുറഞ്ഞ് 127 ബില്യൺ ഡോളറായെന്നും കണക്കുകള്‍ കണിക്കുന്നു.
ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി വർഷാവർഷം 7.7% ഉയർന്നെങ്കിലും മുൻ മാസത്തെ അപേക്ഷിച്ച് 19.4% ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയുടെ റഷ്യൻ ഇറക്കുമതി ഫെബ്രുവരിയിൽ 3,609.86 മില്യൺ ഡോളറായിരുന്നു. 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. ഇതോടെ റഷ്യയുടെ വിഹിതം ഫെബ്രുവരിയിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 27.24% ആയി കുറിച്ചു. ജനുവരിയില്‍ ഇത് 37.19% ശതമാനമായിരുന്നു.

2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ മൊത്തം റഷ്യൻ ക്രൂഡ് ഇറക്കുമതിയിൽ 56.45% വാർഷിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മൊത്തം ഇറക്കുമതി ബില്ലിൻ്റെ റഷ്യയുടെ വിഹിതം 33.36% ആയി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 18.27% ആയിരുന്നു എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരിയിൽ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി യഥാക്രമം 10.23%, 13.08% എന്നിവ വാർഷികാടിസ്ഥാനത്തിൽ വർധിച്ചു.
അതേസമയം യുഎഇയിൽ നിന്നുള്ള ഇറക്കുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ, പ്രതിമാസ അടിസ്ഥാനത്തിൽ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം 68 ശതമാനവും 38 ശതമാനവും വർധിച്ചു. ഫെബ്രുവരിയിൽ നൈജീരിയയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി പ്രതിമാസം 3.6 മടങ്ങ് ഉയർന്നു. യുഎസ്എ ക്രൂഡ് ഇറക്കുമതി പ്രതിമാസം 20.97 ശതമാനം ഉയർന്ന് 130.03 മില്യൺ ഡോളറിലുമെത്തിയെന്നും കണക്കുകള്‍ പറയുന്നു.
ഇറാഖ്, സൗദി അറേബ്യ, യുഎഇ ക്രൂഡ് ഇറക്കുമതി എന്നിവയെല്ലാമാണ് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി ബില്ലിൻ്റെ വിഹിതത്തിൽ പ്രതിമാസ വർദ്ധനവ് രേഖപ്പെടുത്താന്‍ കാരണമായത്. സൗദി അറേബ്യയുടെ വിഹിതമാണ് ഇതില്‍ വലിയ തോതില്‍ വർധിച്ചിരിക്കുന്നത്.












Click it and Unblock the Notifications