യുഎഇക്ക് ഇന്ത്യയില്‍ പണികൊടുത്ത് യുഎസ്: വർഷങ്ങള്‍ക്ക് ശേഷം ക്രൂഡ് ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനത്തേക്ക്
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ സുപ്രധാന നേട്ടവുമായി യു എസ്. യു എ ഇയെ പിന്തള്ളി ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി യു എസ് മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രിലിൽ യുഎസ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം ഏകദേശം ഇരട്ടിയാക്കി. അതായത് പ്രതിദിനം 0.33 ദശലക്ഷം ബാരലുകളായി യു എസിന്റെ ഇറക്കമതി ഉയർുന്നു. മാർച്ചില്‍ 0.24 എം ബി ഡിയും മുൻ വർഷത്തെ ഇതേ കാലയളവില്‍ 0.17 എം ബി ഡിയുമായിരുന്നു അമേരിക്കയുടെ വിഹിതം.
ഏപ്രിലിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 7.3 ശതമാനം വിഹിതം യു എസ് നേടി. യു എ ഇയുടെ വിഹിതം 6.4 ശതമാനമാണ്. അതേസമയം ഇറാഖ് (19.1 ശതമാനം) സൗദി അറേബ്യ (10.4 ശതമാനം) എന്നിവർ ഏപ്രിൽ മാസത്തെ കണക്കുകളിലും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു. റഷ്യൻ, ഇറാഖ് ഇറക്കുമതികളുടെ വിതരണത്തില്‍ വർദ്ധനവുണ്ടായപ്പോൾ, സൗദി അറേബ്യയും യു എ ഇയും മാർച്ചിനെ അപേക്ഷിച്ച് ഇടിവ് നേരിട്ടതായും കണക്കുകള്‍ പറയുന്നു.

യൂറോപ്പിലേക്കുള്ള യുഎസ് കയറ്റുമതി കുറഞ്ഞതും, ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ തിരിച്ചുവിട്ടതുമാണ് ഇറക്കുമതിയിലെ വർധനവിന് കാരണമെന്നാണ് വോർടെക്സയിലെ രോഹിത് റാത്തോഡ് ചൂണ്ടിക്കാണിക്കുന്നത്. മാർച്ചിലെ ഉയർന്ന കയറ്റുമതിയുടെ തിരിച്ചടിയായാണ് യു എ ഇയില്‍ നിന്നുള്ള വിതരണം കുറഞ്ഞതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യു എ ഇ കിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ വിപണി വിഹിതം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും ഈ കുറവിന് കാരണമാണ്.
ഇന്ത്യയും യുഎസും തമ്മിലുള്ള എണ്ണ വ്യാപാരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഈ വർധനവിന് പിന്നിലുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചകൾ, ഇന്ത്യയുടെ യുഎസിൽ നിന്നുള്ള എണ്ണ വാങ്ങൽ 15 ബില്യൺ ഡോളറിൽ നിന്ന് 25 ബില്യൺ ഡോളറായി വർധിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു.
2020-ൽ യുഎസ് ഇന്ത്യയുടെ നാലാമത്തെ വലിയ വിതരണക്കാരനായിരുന്നെങ്കിലും പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് പോകുകയായിരുന്നു. റഷ്യയുടെ കടന്ന് വരവായിരുന്നു മറ്റ് വിതരണക്കാർക്കെന്ന പോലെ യു എസിനും തിരിച്ചടിയായി മാറിയത്. 2022-ൽ യുക്രൈൻ ആക്രമണത്തിന് ശേഷം കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്തതോടെയാണ് റഷ്യ ഇന്ത്യയുടെ പ്രധാന വിതരണക്കാരായി മാറുന്നത്. 2022-ൽ 0.2 ശതമാനം മാത്രമായിരുന്ന റഷ്യൻ എണ്ണ വിഹിതം 2024-ൽ 44 ശതമാനം വരെ ഉയർന്നു. പിന്നീട് അല്‍പം കുറഞ്ഞെങ്കിലും ഇപ്പോൾ അത് ശരാശരി 35-39 ശതമാനം എന്ന നിലവാരത്തിലാണ് തുടരുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, റോസ്നെഫ്റ്റിന്റെ നയാര എനർജി തുടങ്ങിയ സ്വകാര്യ റിഫൈനറികളാണ് റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കൾ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമാണ് ഇന്ത്യ. ആവശ്യമായതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. . യുഎസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിതരണം ഇന്ത്യയുടെ എണ്ണ സുരക്ഷ ശക്തിപ്പെടുത്തുന്നു. യുഎസ് എണ്ണ കയറ്റുമതി 2024-ൽ പ്രതിദിനം 4.1 ദശലക്ഷം ബാരലുകളെന്ന റെക്കോർഡിലെത്തിയതും ഇന്ത്യയുടെ തന്ത്രപരമായ വൈവിധ്യവൽക്കരണവും ഈ മാറ്റത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications