പാകിസ്താന്‍ കടം വാങ്ങിയത് 2 ബില്യൺ ഡോളർ: നിർണ്ണായക തീരുമാനമെടുത്ത് യുഎഇ; ഷഹബാസിനെ അറിയിച്ചു
ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്താന്‍ അടുത്ത കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ ഐ എം എഫില്‍ നിന്നും ചൈന, യു എ ഇ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വലിയ തോതിലുള്ള വായ്പപയും രാജ്യം എടുത്തിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്താന്റെ കാര്യത്തില്‍ സാമ്പത്തികമായി യു എ ഇയില്‍ നിന്നും മറ്റൊരു അനുകൂലമായ നീക്കം കൂടി ഉണ്ടായിരിക്കുകയാണ്.
പാകിസ്താന് വായ്പയായി നല്‍കിയിരുന്ന 2 ബില്യൺ ഡോളർ തിരിച്ചടയ്ക്കുന്നതിലെ കാലാവധി യു എ ഇ നീട്ടിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച പാക്കിസ്ഥാനിൽ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി പാക് പ്രധാനമന്ത്രി പറഞ്ഞു.

"2 ബില്യൺ ഡോളർ തിരിച്ചടവ് കുടിശ്ശികയുണ്ട്. ഞങ്ങൾ അതിന്റെ തിരിച്ചടവ് കാലാവാധി നീട്ടുകയാണെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു" പത്രസമ്മേളനത്തിൽ ഷഹബാസ് ഷെരീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാന നിക്ഷേപ പദ്ധതികളിൽ ഏതാനും ബില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎഇയോട് ഞാൻ ആവശ്യപ്പെട്ടു. അത് നമുക്ക് വലിയ സഹായകരമാകും. ഇത്തരം നിക്ഷേപങ്ങള്‍ക്ക് യു എ ഇ തയ്യാറാണെന്നും ഇരുരാജ്യങ്ങളും സഹോദര്യപരമായ ബന്ധം പങ്കിടുന്നതായും യു എ ഇ ഭരണാധികാരി അറിയിച്ചതായും പാക് പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്താനെ സംബന്ധിച്ച് യു എ ഇയുടെ തീരുമാനം ഏറെ ആശ്വസകരമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി ഐ എം എഫില്‍ നിന്നും 700 കോടി ഡോളറിന്റെ വായ്പയാണ് പാകിസ്താന്‍ എടുത്തിരിക്കുന്നത്. ഇതിനായി വിദേശ ധനസഹായം ഉറപ്പാക്കുന്നത് ഉള്‍പ്പെടേയുള്ള കർശനമായ പല ഉപാധികളും ഐ എം എഫ് പാകിസ്താന് മുമ്പാകെ വെച്ചിട്ടുണ്ട്.
സഹായ പാക്കേജിന്റെ ആദ്യഘട്ടമായി 110 കോടി ഡോളർ ഐ എം എഫ് അനുവദിച്ചു. വായ്പകള്‍ക്ക് 5 ശതമാനത്തോളം പലിശയാണ് പാകിസ്താന്‍ നല്‍കേണ്ടത്. 2023 ല്‍ പാകിസ്താന്‍ തങ്ങളുടെ നികുതി വരുമാനത്തിന്റെ 81 ശതമാനവും ചിലവഴിച്ചത് ദേശീയവും അന്തർദേശീയവുമായ കടങ്ങള്‍ തീർക്കുന്നതിന് വേണ്ടിയായിരുന്നു. ഇത് പുനഃക്രമീകരിക്കുന്നതിനുള്‍പ്പെടെ ഐ എം എഫ് വായ്പ പാകിസ്താന് സഹായകരമാകും.
ഐ എം എഫ് വായ്പ ലഭിക്കുന്നതിനായി ഒന്നരലക്ഷം സർക്കാർ തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടേയുള്ള നടപടകളിലേക്കും പാകിസ്താന്‍ കടന്നിരുന്നു. ആറ് മന്ത്രാലയങ്ങള്‍ നിര്‍ത്തലാക്കിയ പാക് സർക്കാർ മറ്റ് രണ്ട് മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്താണ് ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ഐ എം എഫ് മുന്നോട്ട് വെച്ച പരിഷ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സർക്കാർ രംഗത്തെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുക എന്നുള്ളത്.
സർക്കാർ തൊഴില്‍ അവസരങ്ങള്‍ പരിമിതപ്പെടുത്തുക എന്നതിനോടൊപ്പം തന്നെ ചെലവ് ചുരുക്കല്‍, നികുതി-ജി ഡി പി അനുപാതം വര്‍ധിപ്പിക്കല്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ പാരമ്പര്യേതര മേഖലകളില്‍ നികുതി ഉയര്‍ത്തുകയെന്ന നിർദേശവും പാകിസ്താന് മുന്നില്‍ ഐ എം എഫ് മുന്നോട്ട് വെച്ചത്. ഇതോടൊപ്പം തന്നെ നടപ്പ് സാമ്പത്തിക വർഷം ജിഡിപിയുടെ ഒന്നര ശതമാനമായി നികുതി വരുമാനം വര്‍ദ്ധിപ്പിക്കണം, കൃഷി, ചില്ലറ വ്യാപാരം, കയറ്റുമതി മേഖലകള്‍ സാധാരണ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും ഐ എം എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications