വീണ്ടും രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കാന്‍ യുഎഇ: ഒരു ലിറ്ററിന് എത്ര രൂപ നല്‍കണമെന്ന് അറിയുമോ?
2024 ലും രാജ്യത്തെ പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങി യു എ ഇ. കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവില കമ്മറ്റി പെട്രോള്‍ - ഡീസല്‍ വില കുറച്ചുകൊണ്ടിരിക്കുകയാണ്. 2024 ലും ഇത് തുടരും എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബറില്‍ യു എ ഇയില്‍ സൂപ്പർ 98-ന് ലിറ്ററിന് 3.44 ദിർഹത്തിലെത്തിയിരുന്നു. ഇതാണ് വർഷത്തിലെ ഉയർന്ന വില.
2023 ജനുവരിയിൽ സൂപ്പർ 98 ലിറ്ററിന് 2.78 ദിർഹമായിരുന്നു നിരക്ക്. ഇതാണ് വർഷത്തിലെ കുറഞ്ഞ നിരക്കും ഡിസംബറിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 7 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 2.96, 2.85, 2.77 ദിർഹം എന്നിങ്ങനെയായി. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ യഥാക്രമം 67.09, 64.60, 62.79.

ആഗോളതലത്തിൽ, 2023 ഡിസംബറിൽ ബ്രെന്റ് വില ശരാശരി 77.34 ആയിരുന്നു. നവംബറിലെ 80 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ വലിയ കുറവാണുള്ളത്. ബ്രെന്റ് വെള്ളിയാഴ്ച ബാരലിന് 0.14 ശതമാനം ഇടിഞ്ഞ് 77.04 ഡോളറിലാണ് ക്ലോസ് ചെയ്തത്. 2023-ൽ ആകെ 10 ശതമാനത്തോളം ഇടിവ് വിലയില്‍ രേഖപ്പെടുത്തുകയുണ്ടായി.
2015-ൽ യു എ ഇ എണ്ണവിലയുടെ നിയന്ത്രണം നീക്കിയതിന് ശേഷം, പ്രാദേശിക റീട്ടെയിൽ പെട്രോൾ വില ആഗോള നിരക്കുകൾക്ക് അനുസൃതമായി എല്ലാ മാസാവസാനവും പരിഷ്കരിക്കുന്നുണ്ട്. കുറഞ്ഞ പെട്രോൾ വിലയുടെ അടിസ്ഥാനത്തിൽ യുഎഇ നിവാസികൾക്ക് പുതുവത്സര സമ്മാനം ലഭിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. 2024 ആദ്യ മാസത്തേക്കുള്ള പുതുക്കിയ നിരക്ക് വില നിർണ്ണയ സമിതി ഉടൻ പ്രഖ്യാപിക്കും.
അതേസമയം, ന്യൂഇയർ സമ്മാനമായി ഉടന്‍ തന്നെ ഇന്ത്യയിലും പെട്രോള്‍ ഡീസില്‍ വില വലിയ തോതില്‍ കുറയാന്‍ പോകുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ ലിറ്ററിന് 10 രൂപ വരെ കുറവുണ്ടായേക്കുമെന്നാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
രണ്ട് ഇന്ധനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനായി റിഫൈനറികളിലേക്ക് പോകുന്ന ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ വാങ്ങൽ വിലയിലെ കുത്തനെയുള്ള ഇടിവാണ് വൻതോതിൽ കുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്. ഇസ്രായേല്‍-ഗാസ സംഘർഷ സമയത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. എന്നാല്‍ നിലവില്‍ 78 ഡോളറാണ് വില.












Click it and Unblock the Notifications