പ്രവാസികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ, പൊതുമാപ്പ് അവസാനിച്ചു; ഇനി കര്‍ശന പരിശോധന
ദുബായ്: വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. സെപ്തംബര്‍ ഒന്നിനായിരുന്നു രണ്ട് മാസത്തെ പൊതുമാപ്പ് യു എ ഇ പ്രഖ്യാപിച്ചിരുന്നത്. നാളെ മുതല്‍ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നാണ് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി അറിയിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസ, കാലഹരണപ്പെട്ട റെസിഡന്‍സി വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസ തരങ്ങളും ഉള്‍ക്കൊള്ളുന്ന പൊതുമാപ്പ് പരിപാടി വിപുലീകരണ പ്രഖ്യാപനമില്ലാതെ ഇന്ന് അവസാനിക്കും. യു എ ഇയില്‍ എത്തിയ പ്രവാസികള്‍ക്ക് ഇനിയും ജോലി തരപ്പെട്ടിട്ടില്ലെങ്കില്‍ തല്‍ക്കാലം നാട്ടിലേക്ക് പോയി തിരികെ വരണമെന്ന് ഒരു മുതിര്‍ന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

അതേസമയം രണ്ട് മാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍ക്കെതിരെ റീ എന്‍ട്രി നിരോധനവും പിഴയും ഈടാക്കില്ല എന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) കസ്റ്റമര്‍ ഹാപ്പിനസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സലേം എം ബിന്‍ അലി പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു എ ഇയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ചിലര്‍ ഭയപ്പെടുന്നുണ്ടെന്നും മറ്റുള്ളവര്‍ ജോലി വാഗ്ദാനത്തിനായി കാത്തിരിക്കുകയാണെന്നും ബിന്‍ അലി പറഞ്ഞു. എന്നാല്‍ വിസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലുള്ള പിഴയില്‍ നിന്ന് ഒഴിവാക്കുന്നതിന് അവര്‍ രാജ്യം വിടുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് കാലയളവില്‍ പിഴയില്ലാതെ പുതിയ വിസയിലേക്ക് മാറാനും മടങ്ങാനുമെല്ലാം പ്രവാസികള്‍ക്ക് അവസരം ഉണ്ടായിരുന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവര്‍ക്ക് തിരിച്ച് വരുന്നതിനും വിലക്കുണ്ടായിരുന്നില്ല. പൊതുമാപ്പിന് ശേഷം വിസ ലംഘിക്കുന്നവരെ പിടികൂടുകയും ഭാവിയില്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 2007 മുതല്‍ യുഎഇ സര്‍ക്കാര്‍ ആരംഭിച്ച നാലാമത്തെ പൊതുമാപ്പ് പദ്ധതിയായിരുന്നു ഈ വര്‍ഷത്തേത്.
അവസാനത്തേത് ആറ് വര്‍ഷം മുമ്പായിരുന്നു. 2018 ഓഗസ്റ്റ് 1-ന് ആരംഭിച്ച് ഒക്ടോബര്‍ 31 വരെ 90 ദിവസത്തേക്കായിരുന്നു ഈ പൊതുമാപ്പ്. എന്നാല്‍ കൂടുതല്‍ റസിഡന്‍സി വിസ ലംഘനക്കാര്‍ക്ക് അനുകൂലമായി ഫെഡറല്‍ ഗവണ്‍മെന്റ് ആ വര്‍ഷം ഡിസംബര്‍ 31 വരെ പൊതുമാപ്പ് പദ്ധതി നീട്ടിയിരുന്നു.
ബുധനാഴ്ച ജിഡിആര്‍എഫ്എ അല്‍ അവീര്‍ സെന്ററിലേക്ക് നൂറുകണക്കിന് ഓവര്‍സ്റ്റേയേഴ്സ് ആണ് എത്തിയത്. യു എ ഇയിലുടനീളമുള്ള ഏത് ഐസിപി സെന്ററുകളിലും അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഓവര്‍സ്റ്റേയറുകള്‍ക്ക് അപേക്ഷിക്കാമെന്ന് അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications