യുഎഇയിലേക്ക് ധൈര്യമായി ടിക്കറ്റെടുത്തോ; കണക്കിൽ കുത്തനെ കുതിപ്പ്..മലയാളികൾക്കും സന്തോഷം
വിസിറ്റ് വിസ നിമയങ്ങൾ യുഎഇ കടുപ്പിച്ചത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ചില രേഖകൾ നിർബന്ധമാക്കിയതോടെ ന്യൂയർ ദുബായിൽ അടിച്ചുപൊളിക്കാൻ പ്ലാൻ ഇട്ടവരും ബന്ധുസന്ദർശനത്തിന് ബാഗ് പാക്ക് ചെയ്തവരും ദുബായിലേക്ക് ജോലി തേടി പോകാനിരുന്നവരുമെല്ലാം ഒരുപോലെ വലഞ്ഞു. പലർക്കും വിസ ലഭിക്കാത്ത സാഹചര്യവുമുണ്ടായി. എന്നാൽ ഇപ്പോഴിതാ യുഎഇയിൽ നിന്നും വരുന്നത് ആശ്വാസവാർത്തയാണ്. വിസിറ്റ് വിസ അപ്രൂവൽ നിരക്ക് കൂടിയെന്നാണ് റിപ്പോർട്ടുകൾ.
പുതുക്കിയ വിസ നിർദേശങ്ങൾ പ്രകാരം അപേക്ഷർ നിർബന്ധമായും തിരിച്ച്
പോകാനുള്ള ടിക്കറ്റ് കൈയ്യിൽ കരുതണം, യുഎഇയിൽ എത്തിയാൽ എവിടെ താമസിക്കും എന്നതിനുള്ള രേഖ സമർപ്പിക്കണം, മാത്രമല്ല അവിടെ നിൽക്കാൻ ആവശ്യമായ പണത്തിന്റെ സ്രോതസും കാണിക്കണം. ഈ രേഖകൾ ഇല്ലാതിരുന്നതോടെയാണ് പലരും കുഴങ്ങിയത്. ചിലർ ഡമ്മി ടിക്കറ്റ് കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ വിസയുടെ ഫീസ്, ഫ്ലൈറ്റ് ടിക്കറ്റ്, കൂടാതെ താമസത്തിനായി നൽകിയ പണം ഇവയെല്ലാം നഷ്ടമാകുന്ന സ്ഥിതിയുമുണ്ടായി.

പുതിയ മാറ്റങ്ങൾ കൃത്യമായി അറിയാതെ അപേക്ഷിച്ചവരുടെ വിസകൾ കൂട്ടത്തോടെ നിരസിക്കുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്. എന്നാൽ നിയമങ്ങൾ സംബന്ധിച്ച് കൃത്യമായ അവബോധം നൽകി തുടങ്ങിയതോടെ ആളുകൾ മാർഗനിർദേശങ്ങൾ പിന്തുടരാൻ തയ്യാറാകുന്നുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. ഇതോടെ വിസ അപ്രൂവർ നിരക്കുകളും കൂടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ദുബായിയിൽ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവർഷം എത്തുന്നത്. 2024ലെ ആദ്യ 11 മാസങ്ങളിൽ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബായിൽ എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വർധന. വെസ്റ്റേൺ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തുന്നത്. ആകെ സഞ്ചാരികളുടെ 20 ശതമാനവും ഇവിടെ നിന്നുള്ളവരാണ്.
2024 ന്റെ അവസാന പാദത്തിൽ സന്ദർശന വിസകളുടെ അംഗീകാര നിരക്ക് ഏകദേശം 5-6 ശതമാനം വർധിച്ചുവെന്ന് പറയുകയാണ് അറബ് വേൾഡ് ടൂറിസത്തിൻ്റെ ഓപ്പറേഷൻസ് മാനേജർ ഷെറാസ് ഷറഫ്. വിസകൾ നിരസിക്കുന്നുണ്ടെങ്കിലും പഴയത് പോലുള്ള സാഹചര്യം ഇല്ലെന്നും ശരിയായ രേഖകൾ സമർപ്പിക്കാൻ ട്രാവൽ ഏജൻസികൾ അപേക്ഷകരോട് ആവശ്യപ്പെടുന്നുണ്ടെന്നും ഏജൻസികൾ പറയുന്നു.
അതേസമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നതിനാൽ ശൈത്യകാലത്ത് കൂടുതൽ പേർ രാജ്യത്ത് എത്താറുണ്ട്. അടുത്ത മാസങ്ങളിൽ സന്ദർശകരുടെ എണ്ണം 20 മുതൽ 25 ശതമാനം വരെ ഉയരുമെനനാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശരിയായ രേഖകൾ സമർപ്പിച്ചാൽ തന്നെ വിസ ലഭിക്കും. സൗത്തേഷ്യയിൽ നിന്നുള്ള പല വിസകളും നിരസിക്കാൻ കാരണം കൃത്യമായ ഹോട്ടൽ ബുക്കിങ്ങുകളും റിട്ടേൺ ടിക്കറ്റ് സമർപ്പിക്കാതിരുന്നതുമൊണെന്നും ഇവർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications