യുഎഇയില്‍ എത്തിയവർക്ക് സൗദിയിലേക്കും ഖത്തറിലേക്കും ഫ്രീയായി പോകാം: ഏകീകൃത വിസ ഈ വർഷം തന്നെ
ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം തന്നെ ആരംഭിക്കാന്‍ പോകുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ആറ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണ് ഷെംഗൻ വിസയെപ്പോലെ ഒരു ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിക്കുന്നത്. 'ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ' എന്ന ഈ പദ്ധതിയിലൂടെ ടൂറിസ്റ്റുകൾക്ക് ഒറ്റ വിസയിലൂടെ ആറ് രാജ്യങ്ങളും സഞ്ചരിക്കാൻ സാധിക്കും..
യാത്രാകാര്യങ്ങൾ ലളിതമാക്കി കൂടുതൽ വിദേശി സന്ദർശകരെ ആകർഷിക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "ഇത് പ്രാദേശിക സഹകരണത്തിന്റെ വലിയ ചുവടുവെപ്പാണ്. ഗൾഫിനെ ഒരു ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റും," യുഎഇ സുസ്ഥിര വികസന മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മറി അഭിപ്രായപ്പെട്ടു.

ഇപ്പോൾ ഓരോ ജിസിസി രാജ്യവും സന്ദർശിക്കാന്‍ വ്യത്യസ്ത വിസകൾ ആവശ്യമാണ്. ഇത് ടൂറിസ്റ്റുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പുതിയ വിസ ഈ പ്രശ്നം പരിഹരിക്കും. ഡിജിറ്റൽ അപേക്ഷയിലൂടെ ലഭിക്കുന്ന ഈ വിസ, ആറ് രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ സുഗമമാക്കും. 2023-ൽ ജിസിസി രാജ്യങ്ങളിലേക്ക് എത്തിയത് 68 ദശലക്ഷത്തിലധികം ടൂറിസ്റ്റുകളാണ്. ഏകീകൃത വിസ സമ്പ്രദായം നടപ്പിലാക്കുന്നതോടെ ഇത് കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.
പൈലറ്റ് ഘട്ടത്തിന്റെ കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2025 അവസാനത്തോടെ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് പൂർണ്ണ നടപ്പാക്കൽ ഘട്ടം ആരംഭിക്കും. യുഎഇയും സൗദി അറേബ്യയുമാകും പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024-ൽ യു എ ഇയിലേക്ക് 3.3 ദശലക്ഷം ജിസിസി ടൂറിസ്റ്റുകൾ എത്തി, ഇതിൽ സൗദി അറേബ്യയിൽ നിന്ന് 1.9 ദശലക്ഷവും ഒമാനിൽ നിന്ന് 7.77 ലക്ഷവും കുവൈറ്റിൽ നിന്ന് 3.81 ലക്ഷവും ബഹ്‌റൈനിൽ നിന്ന് 1.23 ലക്ഷവും ഖത്തറിൽ നിന്ന് 93,000-ഉം ഉള്‍പ്പെടുന്നു. പുതിയ വിസ വരുന്നതോടെ ഈ സംഖ്യകൾ കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കന്നത്.
മതപരമായ ടൂറിസം, ലെഷർ യാത്രകൾ, ബിസിനസ് ടൂറിസം എന്നിവയ്ക്കെല്ലാം വലിയ ഉത്തേജനം ലഭിക്കും. കൂടെ ഹോട്ടൽ, ഗതാഗതം, റീട്ടെയിൽ മേഖലകളിൽ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. യുഎഇയിൽ മാത്രം 2025 സെപ്റ്റംബർ മധ്യത്തോടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ മേഖലകളിൽ പുതിയ 39546 കൊമേഴ്സ്യൽ ലൈസൻസുകളാണ് നല്‍കിയിരിക്കുന്നത്.
സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍
ഏകീകൃത വിസ ഉപയോഗിച്ച്, ഹജ്ജ്, ഉംറ യാത്രക്കാർക്ക് ഏക വിസയിൽ സൗദി അറേബ്യയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ഉദാഹരണത്തിന്, ഒരു തീർത്ഥാടകന് മക്ക സന്ദർശിച്ച ശേഷം ദുബായിലോ ഒമാനിലോ പോകാം. ഇത് സൗദിയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുകയും, കൂടുതൽ ദിവസം രാജ്യത്ത് ചെലവഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഏകീകൃത വിസ, സൗദിയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വലിയ തോതിലുള്ള സന്ദർശനങ്ങള്‍ക്ക് വഴി ഒരുക്കിയേക്കും. അതായത് ടൂറിസ്റ്റുകൾക്ക് ഒരൊറ്റ വിസയിൽ റിയാദിലെ സാംസ്കാരിക മേഖലകള്‍, ജിദ്ദയിലെ റെഡ് സീ ബീച്ചുകൾ, ദുബായിലെ ആഡംബര ഷോപ്പിംഗ്, ഒമാനിലെ പുരാതന സ്ഥലങ്ങൾ എന്നിവ ആസ്വദിക്കാം. ഇത് സൗദിയിലെ ടൂറിസം വരുമാനം വർധിപ്പിക്കുകയും വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും.
ടൂറിസത്തിനപ്പുറം, ഈ വിസ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയും ജി സി സി രാജ്യങ്ങൾക്ക് ഏകീകൃത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പാത തുറക്കുകയും ചെയ്യും. ടൂറിസ്റ്റുകൾക്ക് വിസയുടെ ചാർജ്, കാലാവധി, അപേക്ഷാ രീതി എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications