യുഎഇ പ്രവാസികളോട്: മഴ വരും പോകും, പക്ഷെ ഇല്ലാക്കഥ പ്രചരിപ്പിച്ചാല്‍ പണികിട്ടും, അറിയിപ്പ്
യുഎഇയുടെ കാലാവാസ്ഥ കഴിഞ്ഞ കുറേവർഷക്കാലയളവില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ രീതിയിലുളള മഴയാണ് യു എ ഇ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന കാലാവസ്ഥ മാറ്റം. മഴ സംബന്ധിച്ചൊക്കെ കൃത്യമായ അറിയിപ്പും സർക്കാർ ഏജന്‍സികള്‍ തന്നെ നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു പ്രത്യേക അറിയിപ്പുമായി യു എ ഇ സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്.
'ഈ ആഴ്‌ച പ്രതീക്ഷിക്കുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ചുള്ള കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും" എന്നാണ് യു എ ഇ അറിയിപ്പ് നല്‍കിയിരുന്നത്. അതായാത് കാലാവാസ്ഥ സംബന്ധിച്ച ഏതൊരു വാർത്തയും പ്രചരിപ്പിക്കുമ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടേയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് ധാരാളം കിംവദന്തികളും വ്യാജ വാർത്തകളും ഇപ്പോള്‍ തന്നെ പ്രചരിക്കുന്നുണ്ടെന്നാണ് ഉമ്മുൽ ഖുവൈൻ പോലീസ് വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് താമസക്കാർക്കിടയിൽ പരിഭ്രാന്തിയും ഭയവും ഉളവാക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഈ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
സാഹചര്യത്തിൻ്റെ ഗൗരവം ഊന്നിപ്പറഞ്ഞുകൊണ്ട്, കമ്മ്യൂണിറ്റി സുരക്ഷ ലംഘിക്കുന്നത് ഒരു 'റെഡ് ലൈൻ' ആണെന്നും അത് വെച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക ഉറവിടങ്ങളിൽ സ്ഥിരീകരിക്കുന്നതിന് മുമ്പ് വാർത്തകളോ വിവരങ്ങളോ പോസ്റ്റ് ചെയ്യരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് യു എ ഇ നിവാസികളോട് അഭ്യർത്ഥിക്കുന്നു.
യുഎഇ നിയമമനുസരിച്ച്, അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനുള്ള പിഴ 100,000 ദിർഹം മുതൽ 200,000 ദിർഹം വരെയാണ്. ഇതോടൊപ്പം കുറ്റകൃത്യത്തിന്റെ ഗൌരവം അനുസരിച്ച് ഒന്നുമുതല്‍ രണ്ട് വർഷം വരെ ശിക്ഷനല്‍കുകയും ചെയ്യും.
നേരത്തെ അതേസമയം, കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് ചികിത്സയില്‍ കഴിയുമ്പോള്‍ കുവൈത്ത് സർക്കാരും നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. "തെറ്റായ" റിപ്പോർട്ടുകൾ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. നടപടികൾ ഭരണഘടനയുടെ 167-ാം അനുച്ഛേദത്തിന് അനുസൃതമായിരിക്കും' കുവൈത്ത് ഭരണകൂടം അന്ന് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.












Click it and Unblock the Notifications