കൊടുംചൂടില്‍ ആശ്വാസമായി യുഎഇയിലെ ചിലയിടങ്ങളില്‍ മഴ, സമുദ്രങ്ങളില്‍ യെല്ലോ അലര്‍ട്ട്
അബുദാബി: യു എ ഇയില്‍ ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴ. വാരാന്ത്യത്തില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു. ഫുജൈറയില്‍, നഗരത്തിന്റെ പര്‍വത പശ്ചാത്തലത്തില്‍ പുലര്‍ച്ചെ മുതല്‍ ചെറിയ മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച കിഴക്കന്‍ തീരത്ത് ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത ചാറ്റല്‍ മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രക്ഷുബ്ധമായ കടലും വടക്ക് പടിഞ്ഞാറ് ദിശയില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ പുതിയ കാറ്റ് വീശുന്നതിനാലും എന്‍ സി എം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ താമസക്കാരോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1 മുതല്‍ അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ചില സമയങ്ങളില്‍ തിരമാലകള്‍ ആറടി വരെ ഉയരുമെന്നും ഇത് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 7.15 ന് റാസല്‍ ഖൈമയിലെ അല്‍ ഹെബെന്‍ പര്‍വതത്തില്‍ 26.1 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് പൊടിയും മണലും ഉയരാനും തിരശ്ചീന ദൃശ്യപരത കുറയ്ക്കാനും കാരണമായേക്കും എന്ന് മുന്നറിയിപ്പുണ്ട്. അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെല്‍ഷ്യസും 43 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും. പര്‍വതങ്ങളില്‍ ഈര്‍പ്പം 15 ശതമാനം വരെ താഴ്‌ന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഓഗസ്റ്റിലെ കൊടും ചൂടിന്റെ തുടര്‍ച്ചയായിരിക്കും സെപ്റ്റംബറിലും ഉണ്ടാകുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറ് നിന്നുള്ള താപ ന്യൂനതകള്‍ നിലനില്‍ക്കുന്നതിനാല്‍ താപനില കുതിച്ചുയരും എന്നും ഇന്ത്യയിലെ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദവും രാജ്യത്തുടനീളമുള്ള താപനില ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നും എന്‍ സി എം അറിയിച്ചു.
ഈ വര്‍ഷം തൊട്ട് അസാധാരണ കാലാവസ്ഥാ വ്യതിയാനങ്ങളാണ് യു എ ഇയില്‍ ഉടനീളം അനുഭവപ്പെടുന്നത്. ഏപ്രിലില്‍ ഒറ്റ ദിവസം തന്നെ അതിതീവ്ര മഴയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. പിന്നാലെ കൊടുംചൂടും ഈര്‍പ്പവുമെല്ലാം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.












Click it and Unblock the Notifications