കൊടുംചൂടില്‍ നേരിയ ആശ്വാസം; യുഎഇയില്‍ ഇന്ന് മഴ പെയ്യും
അബുദാബി: യു എ ഇയില്‍ താപനില കുതിച്ചുയരുന്നതിനിടെ ഇന്ന് വൈകുന്നേരത്തിന് ശേഷം (ജൂണ്‍ 17) കൂടുതല്‍ മഴ പെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം). ഞായറാഴ്ച അബുദാബിയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും നേരിയ മഴ പെയ്തിരുന്നു. കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും എന്നാണ് എന്‍സിഎം പ്രവചനം.
ഉച്ചയോടെ ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നും ഇത് തിങ്കളാഴ്ച രാജ്യത്തിന്റെ ചില കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന് കാരണമാകും എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രസ്താവനയില്‍ പറഞ്ഞു. ഈദ് അല്‍ അദ്ഹയുടെ ആദ്യ ദിവസം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ സ്വീഹാനില്‍ 49.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തില്‍, വേനല്‍ക്കാല കാലാവസ്ഥ പുരോഗമിക്കുമ്പോള്‍ തന്നെ യുഎഇയില്‍ മഴയും ഇടയ്ക്കിടെ ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനിടെ രാജ്യം ഈ ആഴ്ച അവസാനത്തോടെ 'ജ്യോതിശാസ്ത്ര വേനല്‍ക്കാലം' എന്നറിയപ്പെടുന്ന പ്രതിഭാസത്തിലേക്ക് മാറും.
യുഎഇയില്‍ വേനല്‍ കാലത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ പ്രകടമായിരിക്കെ, സീസണിന്റെ ഔദ്യോഗിക തുടക്കം വേനല്‍ അറുതിയാണ്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനോട് ഏറ്റവും അടുത്ത് ചരിഞ്ഞിരിക്കുന്ന നിമിഷമാണിത്. ഇത് രാജ്യത്തിന്റെ വാര്‍ഷിക കലണ്ടറിലെ ഒരു സുപ്രധാന സംഭവമാണ്. യുഎഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായാണ് ഇത് അടയാളപ്പെടുത്തുന്നത്.
''ജൂണ്‍ 21 ന് ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസത്തിന് രാജ്യം സാക്ഷ്യം വഹിക്കും. അതിനാലാണ് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അന്തരീക്ഷ താപനില വര്‍ധിക്കുന്നത്. വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ ശരാശരി താപനില ഏകദേശം 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കും, ''നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
ജൂണ്‍ 21-ന് ശേഷം പകല്‍ വെളിച്ചം ക്രമേണ കുറയാന്‍ തുടങ്ങും. തുടക്കത്തില്‍ ഓരോ ദിവസവും കുറച്ച് സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ കുറയുന്നു. ഈ കുറവ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂടുതല്‍ ദൃശ്യമാകും. സാധാരണയായി പ്രതിദിനം കുറച്ച് മിനിറ്റുകള്‍ കുറയുന്നു. സെപ്തംബര്‍ അവസാനത്തോടെ ശരത്കാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍, പകലും രാത്രിയും വീണ്ടും സന്തുലിതമാകുന്നതുവരെ പകല്‍ വെളിച്ചം കുറഞ്ഞ് കൊണ്ടിരിക്കും.
ജൂണ്‍ 21 സാധാരണയായി വേനല്‍ക്കാല അറുതിയാണ്. എന്നാല്‍ വര്‍ഷത്തെയും സമയ മേഖലയെയും ആശ്രയിച്ച് തീയതി അല്പം വ്യത്യാസപ്പെടാം. വേനല്‍ക്കാല അറുതി ജൂണ്‍ 20, ജൂണ്‍ 21, അല്ലെങ്കില്‍ ജൂണ്‍ 22 എന്നീ ദിവസങ്ങൡലാണ് സംഭവിക്കാറുള്ളത്. യുഎഇയില്‍, ഏറ്റവും തീവ്രമായ വേനല്‍ക്കാല ഘട്ടം ജൂലൈ പകുതിയോടെ ആരംഭിച്ച് ഓഗസ്റ്റ് അവസാനം വരെ തുടരും.
ഈ സമയത്ത്, താപനില ഉയരുകയും മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുകള്‍ ഉണ്ടാകുകയും ചെയ്യാം. അതേസമയം യുഎഇയുടെ വേനല്‍ക്കാല മാസങ്ങള്‍ ഔദ്യോഗികമായി ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുമെന്നും വേനല്‍ക്കാലം ജ്യോതിശാസ്ത്രപരമായി സെപ്റ്റംബര്‍ 22-ന് അവസാനിക്കുമെന്നും ഹബീബ് ചൂണ്ടിക്കാട്ടി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് മൂന്നാം വാരത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ഇത് വേനല്‍ക്കാലത്തെ കൊടും ചൂടിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. ശരത്കാലത്തേക്ക് രാജ്യം മാറുന്നതിന്റെ സൂചനയാണിത്. കടുത്ത വേനല്‍ക്കാലത്ത് നിന്ന് ആശ്വാസം നല്‍കുന്ന ഒരു സീസണിന്റെ തുടക്കമാകും ഇത്.












Click it and Unblock the Notifications