യുഎഇയിലെ ഈ മാസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ; പൊള്ളുന്ന ചൂടില്‍ നിന്ന് ആശ്വാസമായി മഴയെത്തുമോ
ദുബായ്: നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ പ്രവചനം പുറത്തിറക്കി. ഈ മാസം യു എ ഇയില്‍ ശരാശരി താപനില 35.7 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ആപേക്ഷിക ആര്‍ദ്രത 72 ശതമാനവും ആയിരിക്കും. കടല്‍, കര കാറ്റ് മാറുന്നത് മൂലം ഇടയ്ക്കിടെ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റും അന്തരീക്ഷത്തില്‍ നിറയും എന്ന് എന്‍സിഎം പ്രവചിക്കുന്നു.
പ്രതിമാസ മഴ നേരിയതായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ശരാശരി 5.3 മില്ലിമീറ്റര്‍ മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ആഗസ്റ്റ് കാലാവസ്ഥയില്‍ കര, കടല്‍ കാറ്റ് ചക്രങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു, രാത്രിയില്‍ തെക്കുകിഴക്കന്‍ കാറ്റും പകല്‍ സമയത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റും വീശുന്നു എന്ന് എന്‍സിഎം വ്യക്തമാക്കി. ചില പ്രഭാതങ്ങളില്‍ ശക്തമായ തെക്കന്‍ കാറ്റില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാം.

അതേസമയം വടക്ക് പടിഞ്ഞാറന്‍ കാറ്റില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സമാനമായ അവസ്ഥകള്‍ ഉണ്ടാകാം. യുഎഇയിലുടനീളം ചൂടും ഈര്‍പ്പവും രൂക്ഷമാകുന്നതോടെ ശനിയാഴ്ച എന്‍ സി എം ഒരു കാലാവസ്ഥാ മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍, സംവഹന മേഘങ്ങള്‍ രൂപപ്പെടാനും രാത്രി 2 നും 8 നും ഇടയില്‍ മഴ പെയ്യാനും സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയരാം. പൊടിയും മണലും കലരുന്നത് ബാധിത പ്രദേശങ്ങളില്‍ ദൃശ്യപരത കുറയ്ക്കും. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും സുരക്ഷിതമായി വാഹനമോടിക്കുകയും വേണം. ഞായറാഴ്ചത്തെ കാലാവസ്ഥ അനുകൂലമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ സംവഹന മേഘങ്ങളും മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രി മുതല്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാം.
തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ കാറ്റ് നേരിയതോ മിതമായതോ ആകാം,. ഇടയ്ക്കിടെ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ രീതിയല്‍ പ്രക്ഷുബ്ധമായേക്കും.












Click it and Unblock the Notifications