യുഎഇയില്‍ ഇന്നും മഴദിവസം; പലയിടത്തും വെള്ളക്കെട്ട്, നദികളില്‍ ജലനിരപ്പ് ഉയരുന്നു
അബുദാബി: യു എ ഇയില്‍ പലയിടത്തും ഇന്നും കനത്ത മഴയ്ക്ക് സാധ്യത എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളിയുടെ മുന്നറിയിപ്പ്. രാജ്യത്തുടനീളം ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കുള്ള സംവഹന മേഘങ്ങളുടെ രൂപീകരണമാണ് മഴയ്ക്ക് കാരണമാകുന്നത്. രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കും.
തീരപ്രദേശങ്ങളില്‍ ഈര്‍പ്പനില ഉയര്‍ന്ന് 90 ശതമാനത്തിലും പര്‍വത പ്രദേശങ്ങളില്‍ 15 ശതമാനത്തിലും എത്തും. യു എ ഇയുടെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും എന്‍ സി എം മുന്നറിയിപ്പ് നല്‍കി.

ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ദുബായില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരേയും ഉയര്‍ന്നേക്കാം. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ പലഭാഗത്തും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.
മഴ ശക്തമായതോടെ ഇന്നലെ വൈകീട്ടോടെ ഫുജൈറയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഈ കാലാവസ്ഥയില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കനത്ത മഴ കാരണം ദൃശ്യപരത കുറയാന്‍ സാധ്യതയുണ്ട് എന്നും അത്യാവശ്യത്തിനല്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിവാസികളോട് അഭ്യര്‍ത്ഥിച്ചു.
അടുത്ത ആഴ്ചയില്‍ ഉഷ്ണ മേഖലാ ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദം കാരണമാണ് മഴ പെയ്യുന്നത് എന്നാണ് നിഗമനം. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യം നിലവില്‍ നിരീക്ഷിച്ചു വരികയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള ന്യൂനമര്‍ദം ഒക്ടോബര്‍ 14, 15 തിയതികളില്‍ ശക്തി പ്രാപിക്കും എന്നാണ് വിവരം.
വ്യാഴാഴ്ച ഷാര്‍ജയുടെ ചില ഭാഗങ്ങളില്‍ മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. റാസല്‍ ഖൈമയിലും സാമാന്യം ഭേദപ്പെട്ട മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.












Click it and Unblock the Notifications