പ്രതീക്ഷിച്ചതിലും ഒരാഴ്ച മുമ്പ് മഴയെത്തി... യുഎഇയില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. കിഴക്കോട്ടും തെക്ക് ദിശയിലുമായി സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴ പെയ്‌തേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രിയില്‍ രാജ്യത്തുടനീളം ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം എന്നും എന്‍സിഎം അറിയിച്ചു.
പകല്‍ മുഴുവന്‍ നേരിയതോ ഭാഗികമായോ മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയും. അതേസമയം ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും എന്നും എന്‍സിഎം വ്യക്തമാക്കി.

തീരപ്രദേശങ്ങളില്‍ ഈര്‍പ്പനില ഉയര്‍ന്ന് 90 ശതമാനത്തിലും പര്‍വതപ്രദേശങ്ങളില്‍ കുറഞ്ഞത് 15 ശതമാനത്തിലും എത്താനാണ് സാധ്യത. അബുദാബിയില്‍ 39 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 38 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില ഉയരും എന്നും എന്‍സിഎം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.
ഇന്നലെ രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയില്‍ കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിന്റെ വീഡിയോ എമിറേറ്റ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. ഷാര്‍ജയുടെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും റാസല്‍ ഖൈമയില്‍ കനത്ത മഴയും ഉണ്ടായി. അടുത്ത ആഴ്ചയില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
ഖോര്‍ഫക്കാന്‍ പോലെയുള്ള ഷാര്‍ജയുടെ ചില ആന്തരിക പ്രദേശങ്ങളില്‍ സാമാന്യം കനത്ത മഴയാണ് ഇന്നലെ പെയ്തത്. ഇന്ന് രാവിലെ, രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 19.7 ഡിഗ്രി സെല്‍ഷ്യസാണ്. വെള്ളി, ശനി ദിവസങ്ങളില്‍, അല്‍ ഐന്‍, ഫുജൈറ തുടങ്ങിയ രാജ്യത്തിന്റെ കിഴക്കന്‍, തെക്ക് ഭാഗങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാം എന്നാണ് പ്രവചനം.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ക്ക് സമീപം തെക്കന്‍ അറബിക്കടലില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14, 15 തീയതികളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മധ്യ അറബിക്കടലിലേക്ക് നീങ്ങിയേക്കും. ഇതിന്റെ ഭാഗമായി യുഎഇയിലും ഒമാനിലും ഭേദപ്പെട്ട മഴ ലഭിച്ചേക്കും.












Click it and Unblock the Notifications