ചൂടുണ്ടാകില്ല.... രാത്രിയില്‍ തണുപ്പ് കൂടും..; യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
അബുദാബി: യു എ ഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). രാജ്യത്ത് തണുത്ത ശൈത്യകാല താപനിലയായിരിക്കും ഇന്നും അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ താഴ്ന്ന താപനില 6 ഡിഗ്രി സെല്‍ഷ്യസായി കുറയും. ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഇത് ഈര്‍പ്പമുള്ളതായിരിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ഈര്‍പ്പം വര്‍ധിക്കുന്നത് ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ ഇടയാക്കും. തെക്ക് - കിഴക്ക് മുതല്‍ വടക്ക് - കിഴക്ക് കാറ്റ് പ്രതീക്ഷിക്കാം. രാജ്യത്തുടനീളം മണിക്കൂറില്‍ 10-20 കിലോ മീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 30 കിലോ മീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശിയേക്കാം എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. ഡിസംബര്‍ 22 നാണ് യു എ ഇയില്‍ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചത്. ഇതിന്റെ ഫലമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില ക്രമേണ കുറയും. പരമ്പരാഗത അറേബ്യന്‍ ഗള്‍ഫ് കലണ്ടര്‍ അനുസരിച്ച് ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തരം തിരിച്ചിട്ടുണ്ട്.
ഇതില്‍ ഒരു ഘട്ടം ഇന്നാണ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ കഠിനമായ തണുപ്പും മഴയും അനുഭവപ്പെടും എന്ന് എന്‍സിഎം അറിയിച്ചു. ഡിസംബര്‍ 16 മുതല്‍ രാജ്യത്ത് വടക്ക് - പടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇത് ക്രമേണ താപനില കുറയുന്നതിന് കാരണമാകും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ധന്‍ ഡോ അഹമ്മദ് ഹബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യു എ ഇയിലുടനീളമുള്ള താപനില 5-7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലാവസ്ഥാ മാറ്റം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തുടങ്ങി ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തിലായിരിക്കും. ക്രമേണ, യു എ ഇയില്‍ പരമാവധി താപനില 25 - 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസും ആയി മാറുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications