രാത്രിയില്‍ തണുക്കും.. പകല്‍ കനത്ത മഴയ്ക്കും സാധ്യത; യുഎഇയുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
അബുദാബി: യു എ ഇയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യു എ ഇയുടെ കിഴക്ക്, വടക്ക്, തെക്ക് മേഖലകളില്‍ ശനിയാഴ്ച മഴ പ്രതീക്ഷിക്കുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) അറിയിച്ചു. ഇന്ന് രാജ്യത്തുടനീളം ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും എന്നാണ് എന്‍ സി എം അറിയിച്ചിരിക്കുന്നത്.
ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കും. ചില സമയങ്ങളില്‍ കാറ്റിന്റെ തീവ്രത കൂടിയേക്കാം. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

ഒമാന്‍ കടലിലും നേരിയ തോതില്‍ തിരമാലകള്‍ ഉയരും. രാജ്യത്തിന്റെ പര്‍വത പ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. അബുദാബിയില്‍ 36 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 35 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
യു എ ഇയുടെ പര്‍വത പ്രദേശങ്ങളില്‍ ഹ്യുമിഡിറ്റിയുടെ അളവ് കുറഞ്ഞത് 15 ശതമാനത്തിലും തീരപ്രദേശങ്ങളില്‍ ഉയര്‍ന്നത് 90 ശതമാനത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഇന്ന് പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അടുത്തിടെയായി ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് യുഎഇ സാക്ഷ്യം വഹിക്കുന്നത്.
എന്നാല്‍ ഇത് ശരത് കാലത്തില്‍ സാധാരണമാണ് എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ധന്‍ അഹമ്മദ് ഹബീബ് പറയുന്നത്. പ്രഭാതം സ്ഥിരതയുള്ള അവസ്ഥയിലും മൂടല്‍മഞ്ഞിലും ആരംഭിക്കുമ്പോള്‍ ഉച്ചയോടെ നമുക്ക് സംവഹന മേഘങ്ങളും കനത്ത മഴയും ആലിപ്പഴ വര്‍ഷവും കാണാന്‍ കഴിയും എന്നും അഹമ്മദ് ഹബീബ് ഖലീജ് ടൈംസിനോട് പറഞ്ഞു.
ശരത് കാലം ശീതകാലത്തിലേക്ക് മാറുമ്പോള്‍ ഭൂമിയുടെ ഉപരിതലത്തിന്റെ അസമമായ താപനം കാരണം ഊഷ്മളവും തണുപ്പും തമ്മില്‍ താപനിലയില്‍ വ്യതിയാനമുണ്ടാകും എന്നും ഇതിന്റെ ഫലമായി രാത്രി തണുപ്പ് കൂടാന്‍ തുടങ്ങുമ്പോള്‍ പകലുകള്‍ ചൂടില്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 22 നാണ് അറബ് മേഖലയില്‍ ശീതകാലം ഔദ്യോഗികമായി ആരംഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications