യുഎഇ കാലാവസ്ഥ: താപനില 40 - 45 ഡിഗ്രി സെൽഷ്യസിന് ഇടയിൽ ഉയരാൻ സാധ്യത, അറിയിപ്പ് ഇങ്ങനെ..
ദുബായ്: യു എ ഇയിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 30 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ചൂട്. ചില തീരപ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പുള്ള കാലാവസ്ഥയായിരിക്കും എന്നും അറിയിപ്പുണ്ട്.
അബുദാബിയിലും ദുബായിലും പരമാവധി താപനില യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത ഉണ്ട്. മിക്കവാറും മണിക്കൂറിൽ 10 - 20 കി. മി വേഗതയിൽ വീശും. ചിലപ്പോൾ മണിക്കൂറിൽ 30 കി. മീ വേഗതയിൽ വീശിയേക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും.

അതേ സമയം യു എ ഇയിൽ ഭാവിയിൽ കൂടുതൽ തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സമീപകാലത്ത് ഉണ്ടായത് പോലെ പെട്ടെന്നുള്ള അതി തീവ്രമായ മഴയും ചൂടും രാജ്യത്ത് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഖലീഫ സർവകലാശാലയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റും എൻവയോൺമെന്റൽ ആൻഡ് ജിയോഫിസിക്കൽ സയൻസസ് ലാബ് മേധാവിയുമായ ഡോ. ഡയാന ഫ്രാൻസിസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ആഗോള താപനം കാരണം രാജ്യത്ത് വസന്തകാല മഴ വർദ്ധിക്കുകയും അതോടൊപ്പം ചൂടുള്ളതും ദൈർഘ്യമേറിയതുമായ വേനൽക്കാലവും ഉണ്ടാകുമെന്നുമാണ് ഡയാന പറയുന്നത്. ഏപ്രിൽ 16 ന് രാജ്യത്ത് പെയ്ത മഴ ആഗോളതാപനം മൂലം ഉണ്ടായത് ആണെന്നും അവർ പറഞ്ഞു. ഒരു വർഷത്തിൽ പെയ്യേണ്ട മഴക്ക് സമാനമായ മഴയാണ് ഏപ്രിൽ രണ്ടാം വാരത്തിന് ശേഷം യു എ ഇയിൽ പെയ്തത്.












Click it and Unblock the Notifications