അടിമുടി മാറി യുഎഇ കാലാവസ്ഥ; കുടയെടുക്കാതെ പുറത്തിറങ്ങേണ്ട, കമ്പിളിയും കരുതിക്കോ
അബുദാബി: യുഎഇയുടെ കാലാവസ്ഥ മാറ്റത്തിന്റെ പാതയിലാണ് എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ധന്‍ ഡോ അഹമ്മദ് ഹബീബ്. തണുത്ത ശൈത്യകാല കാലാവസ്ഥയിലേക്ക് മാറുന്നതിനാല്‍ വരും ആഴ്ചകളില്‍ യുഎഇയിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അഹമ്മദ് ഹബീബ് ഖലീജ് ടൈംസിനോട് പറഞ്ഞു.
കമ്പിളിയും കുടയും എടുക്കാനുള്ള സമയമായി എന്ന് അദ്ദേഹം എന്ന് എമിറേറ്റ് നിവാസികളോടായി പറഞ്ഞു. ''ഡിസംബര്‍ 16 മുതല്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റും തണുത്ത വായു പിണ്ഡവും അനുഭവപ്പെടും. ഇത് ക്രമേണ താപനില കുറയുന്നതിന് കാരണമാകും. യുഎഇയിലുടനീളമുള്ള താപനില 5-7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ' അദ്ദേഹം പറഞ്ഞു.

ഈ കാലാവസ്ഥാ മാറ്റം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തുടങ്ങി ക്രമേണ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രമേണ, യുഎഇയില്‍ പരമാവധി താപനില 25-26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഈ ആഴ്ച രാജ്യത്തിന്റെ ചില കിഴക്കന്‍, വടക്കന്‍ പ്രദേശങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു. മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.
വാരാന്ത്യത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നും വരും ദിവസങ്ങള്‍ ഭാഗികമായി മേഘാവൃതമായിരിക്കും എന്നും അഹമ്മദ് ഹബീബ് പറഞ്ഞു. അല്‍ ഐന്‍ പോലുള്ള കിഴക്കന്‍ പ്രദേശങ്ങളിലും റാസല്‍ ഖൈമ പോലുള്ള വടക്കന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റും ഇതിനൊപ്പം പ്രതീക്ഷിക്കുന്നു. ഇത് ഇടയ്ക്കിടെ ശക്തിപ്പെടുകയും പകല്‍ സമയത്ത് പൊടിക്കാറ്റിന് കാരണമാകുകയും ചെയ്യും.
''വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ മഴയുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിലും ദ്വീപുകളിലും കടലിന് മുകളിലും മഴ പെയ്യാനുള്ള സാധ്യത കുറവാണെങ്കിലും, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈനിന്റെ വടക്കന്‍ ഭാഗം, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് കാര്യമായ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മിതമായ മഴ പ്രതീക്ഷിക്കുന്നു. ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റുമായി ബന്ധപ്പെട്ട് കടല്‍ പ്രക്ഷുബ്ധമായിരിക്കും,'' ഹബീബ് കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 22 നാണ് യുഎഇയില്‍ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. പരമ്പരാഗത അറേബ്യന്‍ ഗള്‍ഫ് കലണ്ടര്‍ അനുസരിച്ച് ശൈത്യകാലത്തെ രണ്ട് പ്രധാന കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ ഒരു ഘട്ടം ഡിസംബര്‍ 28 ന് ആരംഭിക്കുന്നു. ഈ ദിവസങ്ങളില്‍ കഠിനമായ തണുപ്പും മഴയും അനുഭവപ്പെടും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താപനില ക്രമേണ കുറയും.


Click it and Unblock the Notifications