യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യത; 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും, മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
വരും ദിവസങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയുണ്ടാകുമെന്നും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ തവണത്തെ പോലെ ആയിരിക്കില്ല ഇത്തവണത്തെ മഴ സാഹചര്യമെന്ന് കാലാവസ്ഥ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.'അബുദാബിയുടെ തെക്ക് ഭാഗത്ത് അൽ ദഫ്ര മേഖലയിൽ മഴമേഘങ്ങൾ ഉണ്ട്. അത് ക്രമേണ അൽ ഐൻ പോലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഏറ്റവും മോശം കാലാവസ്ഥ വ്യഴാഴ്ച ആയിരിക്കും',അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച രാത്രി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. വ്യാഴാഴ്ച മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും ഔദ്യോഗിക വാർത്ത ഏജൻസിയായ വാം വ്യക്തമാക്കി. വെള്ളി-ശനി ദിവസങ്ങളിൽ ന്യൂനമർദം ക്രമേണ തെക്കോട്ട് നീങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. അബുദാബിയിൽ വ്യാഴ്ചാഴ്ച രാവിലെ 7 മണി മുതൽ കനത്ത മഴയും ഇടിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ആപ്പ് വിൻഡിയും പ്രവചിക്കുന്നു. തലസ്ഥാനത്ത് ഈ ആഴ്‌ചയിലെ ഏറ്റവും ഉയർന്ന താപനില ഇന്നായിരിക്കും. ഉച്ചയോടെ താപനില 38 ഡിഗ്രി വരെ എത്തുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ദുബായിലും ഇടിയോട് കൂടിയ മഴ എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ഉണ്ടായിരുന്നു. ടെ സൈഹ് അൽ സലാം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കനത്ത മഴയും അൽ ഐൻ, അൽ ഷുവൈബ് മേഖലകളിൽ നേരിയ മഴയുമാണ് റിപ്പോർട്ട് ചെയ്തത്. അൽ ഐനിൻ്റെ വടക്ക് ഭാഗത്തുള്ള അൽ ഷോയിബ് പ്രദേശത്ത് ആലിപ്പഴം വീഴ്ചയും ഉണ്ടായിരുന്നു. റാസൽഖൈമയിലും അജ്മാനിലും മഴ പെയ്തിരുന്നു.
അതേസമയം ഏപ്രിൽ 16 നുണ്ടായ മഴയിൽ നിന്നുള്ള നാശനഷ്ടങ്ങളിൽ നിന്നും യുഎഇ കരകയറുന്നതിന് മുൻപാണ് പുതിയ മുന്നറിയിപ്പ്. സാഹചര്യത്തെ നേരിടാൻ സജ്ജമാണെന്ന് യുഎഇ അറിയിച്ചു. ആളുകൾ അനാവശ്യമായി ഭീതി പരത്തരുതെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ,കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദുബായിയോടൊപ്പം തന്നെ ബുധൻ,വ്യാഴം ദിവസങ്ങളിൽ ബഹ്റിൻ, ദോഹ, റിയാദ് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications