യുഎഇയില്‍ ഇന്നും മേഘാവൃതമായ കാലാവസ്ഥ, മൂടല്‍മഞ്ഞിനും സാധ്യത
അബുദാബി: യു എ ഇയില്‍ ഇന്നും മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചില സമയങ്ങളില്‍ മൂടല്‍മഞ്ഞുള്ളതുമായ അന്തരീക്ഷവും രാജ്യത്ത് പ്രതിഫലിക്കും എന്ന് എന്‍ സി എം അറിയിച്ചു. ആന്തരിക പ്രദേശങ്ങളില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
രാവിലെയോടെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. ചില സംവഹന മേഘങ്ങള്‍ ഉച്ചയോടെ കിഴക്കോട്ട് രൂപപ്പെട്ടേക്കാം. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നു. ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഒമാന്‍ കടലിലും അറേബ്യന്‍ ഗള്‍ഫിലും തിരമാലകള്‍ നേരിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായ യു എ ഇയില്‍ ചൂടിന് ശമനമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ താപനില 50.8 ഡിഗ്രിയില്‍ എത്തിയിരുന്നു. പ്രാദേശിക സമയം ജൂലൈ 9 ന് ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് മഴയും ഈര്‍പ്പമുള്ള അന്തരീക്ഷയും യു എ ഇയില്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്.
വെള്ളിയാഴ്ച വരെ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും യു എ ഇയുടെ തീരപ്രദേശങ്ങളില്‍ അനുഭവപ്പെടുക. ഇടയ്ക്കിടെയുള്ള വേനല്‍മഴ യു എ ഇയില്‍ സാധാരണയാണ്. സെപ്റ്റംബറില്‍ വേനല്‍ക്കാലം അവസാനം വരെ ഇത് നീണ്ടുനില്‍ക്കാറുണ്ട്. വരും ദിവസങ്ങളിലും യു എ ഇയില്‍ മഴയും മേഘാവൃതമായ കാലാവസ്ഥയുമായിരിക്കും എന്ന് എന്‍ സി എം ഉദ്യോഗസ്ഥനായ ഡോ അഹമ്മദ് ഹബീബ് പറയുന്നു.
ഇന്നലെ മഴയും മൂടല്‍മഞ്ഞും കാറ്റും കണക്കിലെടുത്ത് യുഎഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നസെ അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും ദുബായില്‍ 30 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു താപനില. ഇന്നും തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈര്‍പ്പം 90 ശതമാനവും ആന്തരിക പ്രദേശങ്ങളില്‍ 10 ശതമാനവും വരെ ഉയരാന്‍ സാധ്യതയുണ്ട് എന്ന് എന്‍ സി എം പറയുന്നു.
ഏപ്രില്‍ 16 ന് യു എ ഇയില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഒരു ദിവസം പെയ്ത റെക്കോഡ് മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. അതിന് ശേഷം റെക്കോഡ് ചൂടിലേക്കും രാജ്യം എത്തിയിരുന്നു.












Click it and Unblock the Notifications