ഇന്ത്യയില്‍ വമ്പന്‍ കളികള്‍ക്ക് യുഎഇ: ക്രൂഡ് ഓയില്‍ കുമിഞ്ഞ് കൂടും, വന്‍ സംഭരണ കേന്ദ്രം വരുന്നു
ദുബായ്: ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കവുമായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC). ശുദ്ധീകരണത്തിലും പെട്രോകെമിക്കൽസിലും മാത്രമല്ല തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിലും നിക്ഷേപം നടത്തി ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാനാണ് കമ്പന നീക്കം നടത്തുന്നതെന്ന് യു എ ഇ സഹമന്ത്രിയും അഡ്നോക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ വ്യക്തമാക്കി.
"ഞങ്ങളുടെ തന്ത്രപരമായ അജണ്ടയിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഞങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും എണ്ണ കമ്പനികളുമായും ചർച്ച നടത്തും." പെട്രോടെക് 2019 ൻ്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഹമ്മദ് അൽ ജാബർ പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ യുഎഇയുടെ പ്രധാന വ്യാപര പങ്കാളികൂടിയാണ്. ശുദ്ധീകരണ, പെട്രോകെമിക്കൽ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം തന്നെ ഇന്ത്യയിൽ കൂടുതൽ ക്രൂഡ് സ്റ്റോക്ക് ചെയ്യാനുമാണ് യു എ ഇ ലക്ഷ്യമിടുന്നത്. "ഞങ്ങൾക്ക് സ്വന്തമായി ക്രൂഡ് കൊണ്ടുവരാൻ കഴിയുമെന്നതിനാൽ സ്ട്രാറ്റജിക് പാട്ണർഷിപ്പ് മാത്രമാണ് ഞങ്ങൾ നോക്കുന്നത്. ഇന്ത്യ ഞങ്ങൾക്ക് ഒരു പ്രധാന വിപണി മാത്രമല്ല, തന്ത്രപരമായ പങ്കാളി കൂടിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പാത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ എപ്പോഴും തുടറരും" അൽ ജാബർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന രത്‌നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡിൽ പങ്കാളിയാകുന്നതിനായി കഴിഞ്ഞ ജൂണിൽ അഡ്നോക്കും സൗദി അരാംകോയും ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു. മൂന്ന് ലക്ഷം കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന മെഗാ റിഫൈനറിക്ക് പ്രതിദിനം 1.2 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ സംസ്‌കരിക്കാനാകും.
2015 ഡിസംബറിൽ പ്രഖ്യാപിച്ച റിഫൈനറി പദ്ധതി 2022-ഓടെ കമ്മീഷൻ ചെയ്യാനായിരുന്നു ശ്രമിച്ചതെങ്കിലും ഭൂമി ഏറ്റെടുക്കലിലെ കാലതാമസം പദ്ധതി വൈകിപ്പിച്ചു. നിലവില്‍ 2025 ല്‍ റിഫൈനറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. "ഞങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, പദ്ധതിയുടെ വ്യാപ്തിയും കരുത്തും നിർവചിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഞങ്ങളുടെ പങ്കാളികളായ സൗദി അരാംകോയുമായും ഇന്ത്യന്‍ കമ്പനികളുമായും വളരെ മികച്ച രീതിയില്‍ ഒരുമിച്ച് പ്രവർത്തിക്കുന്നു" പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അൽ ജാബർ പറഞ്ഞു












Click it and Unblock the Notifications