യുഎഇയുടെ നീക്കം ഒന്നും കാണാതെയല്ല: ആദ്യം ഇന്ത്യ, പിന്നാലെ ചൈനയും, ലക്ഷ്യം വന്‍ മുന്നേറ്റം
ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായി മാറാനുള്ള യുഎഇയുടെ തീരുമാനത്തെ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കൂടി ബ്രിക്സിന്റെ ഭാഗമായിട്ടുണ്ട്.
വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ എന്നതിനാല്‍ തന്നെ എണ്ണയിതര വ്യാപാരം വർധിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎഇയെ സംബന്ധിച്ച് കൂട്ടായ്മയിലേക്കുള്ള പ്രവേശനം ഏറെ ഗുണകരവുമാണ്. എണ്ണ ഇതര മേഖലയില്‍ വരും വർഷങ്ങള്‍ യുഎഇ വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക മുന്നേറ്റങ്ങളും ടൂറിസ്റ്റ് വ്യവസായങ്ങളും രാജ്യത്ത് വലിയ തോതിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ബ്രിക്സ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ചൈനയുമായി പുതിയ കരാറിലെത്താനും യു എ ഇക്ക് സാധിച്ചിട്ടുണ്ട്. 700-ലധികം റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളിൽ ഊർജ കാര്യക്ഷമത കൊണ്ടുവരാൻ ഹോങ്കോങ്ങിലെ യൂണിറ്റി ഗ്രൂപ്പ് അബുദാബിയിലെ ഒരു സ്ഥാപനവുമായി സഹകരിക്കുന്ന പദ്ധതിയാണ് നടപ്പില്‍ വരുന്നത്. ഇത് സംബന്ധിച്ച ധാരണപത്രം ഹോങ്കോങ്ങിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടു.
രാജ്യത്തെ ഊർജ ചെലവ് പ്രതിമാസം 30,000 ഡോളറിലധികം കുറയ്ക്കാൻ ഈ സംരംഭം യുഎഇയെ സഹായിക്കും. ഇരുപക്ഷവും തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിലേക്ക് നയിച്ച നിരവധി മീറ്റിംഗുകൾ അടുത്തിടെയുണ്ടായി. ആത്യന്തികമായി, ഇത് നിക്ഷേപത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യ-യുഎഇ ഡോളർരഹിത വ്യാപാരവും നടക്കുന്നതും ബ്രിക്സിന് ശേഷമാണ്. ബ്രിക്സിലൂടെ മധ്യപൂർവദേശത്തുനിന്ന് ഏഷ്യ, ആഫ്രിക്ക ഇടനാഴി വഴി വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ സാധിക്കുമെന്നാണ് യു എ ഇ കണക്ക് കൂട്ടുന്നത്. അയല്‍ രാജ്യമായ സൗദി അറേബ്യയ്ക്കും സമാനമായ ലക്ഷ്യം തന്നെയാണ് ഉള്ളത്.
യുഎഇയിലെ വ്യാപാര, നിക്ഷേപ, പുനർ കയറ്റുമതി രംഗത്ത് വൻ കുതിപ്പും യു എ ഇ കണക്ക് കൂട്ടുന്നു. സഹകരണത്തിന്റെ പുത്തൻ വാതിലുകൾ തുറന്നതിന്റെ നേട്ടം ആഗോള ജനതയ്ക്കു ലഭ്യമാകട്ടെ എന്നായിരുന്നു ബ്രിക്സ് പ്രവേശനത്തിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്.
രാജ്യത്തിന്റെ സന്തുലിത രാജ്യാന്തര നയത്തിന്റെ തെളിവാണ് പുതിയ തീരുമാനമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അന്ന് വ്യക്തമാക്കിയിരുന്നു. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും രാജ്യങ്ങൾ തമ്മിലുള്ള വിടവ് നികത്തി സുപ്രധാന സാമ്പത്തിക, വ്യാപാര കേന്ദ്രമെന്ന നില ശക്തിപ്പെടുത്തുമെന്നും യുഎഇ വികസനത്തില്‍ മുന്നേറുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications