യുഎഇ മുന്നോട്ട് തന്നെ, സാമ്പത്തിക വളർച്ച: പക്ഷെ നേരിയ തിരിച്ചടിയും; എന്നാല്‍ ആ പ്രതിസന്ധിയും മാറി
അബുദാബി: പ്രതിസന്ധികള്‍ക്കിടയിലും യുഎഇയുടെ എണ്ണേതര സ്വകാര്യ മേഖലയില്‍ ജൂൺ മാസത്തിലും വളർച്ച കൈവരിച്ചു. എസ്&പി ഗ്ലോബൽ യുഎഇ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (PMI) മെയ് മാസത്തിലെ 53.3-ൽ നിന്ന് ജൂണിൽ 53.5 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തിന്റെ തുടർച്ചയായ വളർച്ചയേയും ഇത് സൂചിപ്പിക്കുന്നു.
അതേസമയം തന്നെ ഇസ്രായേലും ഇറാനും തമ്മിലുള്ള പിരിമുറുക്കങ്ങൾ ഉപഭോക്തൃ ഡിമാൻഡിനെ ബാധിച്ചതായും സർവ്വേ വ്യക്തമാക്കുന്നു. പ്രതിസന്ധി സമയത്ത് കമ്പനികൾ ബാക്ക്‌ലോഗുകൾ (പൂർത്തിയാകാത്ത ജോലികൾ) കുറയ്ക്കാൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറുവശത്ത് പുതിയ ഓർഡറുകൾ ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർദ്ധിച്ചു. പുതിയ ഓർഡറുകളുടെ സൂചിക മെയിലെ 56.2-ൽ നിന്ന് ജൂണിൽ 54.5 ആയി കുറഞ്ഞു, ഇത് 2021 സെപ്റ്റംബർ മുതലുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

ഇസ്രായേൽ-ഇറാൻ സംഘർഷം ഉപഭോക്തൃ ഡിമാൻഡിനെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. "സംഘർഷത്തിന്റെ ആഘാതം പ്രധാനമായും ഡിമാൻഡിനെ ബാധിച്ചു, ഓർഡറുകളിൽ ചെറിയ കുറവുണ്ടായി. എന്നാൽ, കമ്പനികൾ പൂർത്തിയാകാത്ത ജോലികൾ കൈകാര്യം ചെയ്യാൻ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, മൊത്തത്തിലുള്ള ബിസിനസ് സാഹചര്യങ്ങളിൽ വലിയ പ്രത്യാഘാതമുണ്ടായില്ല." S&P ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവൻ പറഞ്ഞു.
ദുബായിൽ പി എം ഐ ജൂണിൽ 51.8 ആയി കുറഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് മെയ് മാസത്തിലെ 52.9-ൽ നിന്ന് കുറഞ്ഞ് ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. ഇറാന്‍-ഇസ്രായേല്‍ സംഘർഷ സാഹചര്യങ്ങളും ടൂറിസത്തിലെ മന്ദതയും വിൽപ്പന വളർച്ചയെ ബാധിച്ചു. എന്നിരുന്നാലും, ബിസിനസ് പ്രവർത്തനങ്ങൾ ശക്തമായി വർദ്ധിച്ച് തൊഴിലാളികളുടെ എണ്ണം തുടർച്ചയായ മൂന്നാം മാസവും ഉയർന്നു എന്നതാണ് ആശ്വാസകരമായ കാര്യം.
അതേസമയം, 2025 ൽ യുഎഇയുടെ സാമ്പത്തിക വളർച്ച 4.6 ശതമാനത്തിലെത്തുമെന്നും 2026 ലും 2027 ലും 4.9 ശതമാനത്തിൽ സ്ഥിരത കൈവരിക്കുമെന്നും ലോകബാങ്ക് നേരത്തെ പ്രവചിച്ചിരുന്നു. 2025 ൽ 4.9 ശതമാനം വളർച്ചാ നിരക്കോടെ, യുഎഇയുടെ എണ്ണ ഇതര മേഖലകൾ വളർച്ചയുടെ പ്രധാന ചാലകശക്തിയായി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കി.
ജൂൺ 1 വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോകബാങ്ക് പുറത്തിറക്കിയ ഗൾഫ് ഇക്കണോമിക് അപ്‌ഡേറ്റിന്റെ (GEU) ഏറ്റവും പുതിയ പതിപ്പ് അനുസരിച്ച്, ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച ഇടക്കാലത്തേക്ക് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 2025 ൽ 3.2 ശതമാനവും 2026 ൽ 4.5 ശതമാനവുമായിരിക്കും വളർച്ച. ലോകബാങ്കിന്റെ കണക്കനുസരിച്ച്, എണ്ണ ഇതര മേഖലകളിലെ ശക്തമായ വികാസം ഗൾഫ് സമ്പദ്‌വ്യവസ്ഥകൾ കൈവരിക്കുന്ന വളർച്ചയ്ക്ക് കാരണമാകും.












Click it and Unblock the Notifications