ഇനി കളിമാറും: യുഎഇ അടക്കം ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഒരൊറ്റ വിസ, ലക്ഷ്യം വന്‍ മുന്നേറ്റം
ദുബായ്: ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്നും വിസ അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ കഴിയുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയെ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നു.
മസ്‌കറ്റിൽ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തിലാണ് വലിയ പരിവർത്തനത്തിന് വിധേയമാകുന്ന ഷെങ്കന്‍ ശൈലിയിലുള്ള വിസയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതിലൂടെ ഒരൊറ്റ വിസയിലൂടെ വിനോദസഞ്ചാരികൾക്ക് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധിക്കാം. വിസ നടപ്പാക്കുന്നതിനുള്ള നിയമങ്ങൾ എപ്പോൾ അന്തിമമാക്കും എന്നതിനെ ആശ്രയിച്ച് 2024 അല്ലെങ്കിൽ 2025 ൽ വിസ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് അൽ മാരി വ്യക്തമാക്കുന്നത്.

അടുത്ത ഘട്ടത്തിൽ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ടൂറിസ്റ്റ് റൂട്ടിനെക്കുറിച്ച് ജിസിസി സർക്കാരുകൾ വിശദമായി പഠിക്കുമെന്നും അൽ മാരി വെളിപ്പെടുത്തി. 30 ദിവസത്തിലധികം കാലാവധി നീണ്ടുനിൽക്കുന്ന വിസയിലൂടെ വിദേശ വിനോദസഞ്ചാരികൾ ഈ റൂട്ടിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന എമിറാത്തി ടൂറിസം റൂട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും യു എ ഇയുടെ എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചർച്ച ചെയ്തു.
ഗൾഫ് സഹകരണ കൗൺസിലിന്റെ 2030 ലെ സ്ട്രാറ്റജിയുടെ ഭാഗമായി 837 ടൂറിസ്റ്റ് സൈറ്റുകളാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. അതിൽ 399 യുഎഇയിലാണ് എന്നതാണ് ശ്രദ്ധേയം. ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ ഇക്കാര്യത്തില്‍ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അന്തർ നഗര ഫ്ലൈറ്റുകളും ജിസിസി രാജ്യങ്ങളിലുടനീളമുള്ള അതിഥികളുടെ എണ്ണവും വർധിപ്പിച്ച് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുകയെന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് സിംഗിൾ ജി സി സി ടൂറിസ്റ്റ് വിസ. യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനകളിലൊന്നാണ് ടൂറിസം. അതായത് നിലവില്‍ അതിന്റെ ജി ഡി പിയുടെ 14 ശതമാനം. ഈ മേഖലയുടെ സംഭാവന 18 ശതമാനമായി ഉയർത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും യുഎഇ മന്ത്രി പറഞ്ഞു.
വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഗൾഫ് രാജ്യങ്ങള്‍ അടുത്തി ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര തലസ്ഥാനമായ ദുബായ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്. 2023 ന്റെ ആദ്യ പകുതിയിൽ 8.55 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് യുഎഇയിലെത്തിയത്. ഏകീകൃത വിസ നിലവില്‍ വന്നാല്‍ മറ്റ് രാജ്യങ്ങളും ടൂറിസം രംഗത്ത് മുന്നേറുമെന്ന് ജിസിസി രാജ്യങ്ങള്‍ കണക്ക് കൂട്ടുന്നു.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 39.8 ദശലക്ഷമായിരുന്നു. അതായത് 2021 നെ അപേക്ഷിച്ച് 136.6 ശതമാനം വളർച്ചാ നിരക്ക്. പകർച്ചവ്യാധിക്ക് ശേഷം ടൂറിസം രംഗത്ത് വലിയ തിരിച്ചുവരവാണ് യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയത്. 2023-2030 സ്ട്രാറ്റജിയുടെ ഭാഗമായി 2030 ഓടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 220 ശതമാനത്തിലധികം വർധിപ്പിച്ച് 128.7 ദശലക്ഷമായി ഉയർത്താനാണ് ജിസിസി രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഏകീകൃത സിംഗിൾ വിസ ലക്ഷ്യം കൈവരിക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചേക്കും.
ട്രാവൽ, ടൂറിസം മേഖലകളിൽ പ്രതിവർഷം 7 ശതമാനം വളർച്ച കൈവരിക്കാനാണ് ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നതെന്നും അൽ മാരി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ 171.4 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ ഈ മേഖലയുടെ മൊത്തം മൂല്യം 8.5 ശതമാനം വളർച്ചയോടെ 185.9 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 2023 അവസാനത്തോടെ ജിസിസി ടൂറിസ്റ്റ് ചെലവ് 12.8 ശതമാനം വർധിച്ച് 96.9 ബില്യൺ ഡോളറായി (355.6 ബില്യൺ ദിർഹം) എത്തുമെന്ന് യുഎഇ മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications