'പാകിസ്ഥാനിലെ അവിദഗ്ധ തൊഴിലാളികള്‍ ഇനി യുഎഇ സ്വപ്‌നം കാണേണ്ട'; അവസരങ്ങള്‍ അവസാനിക്കുന്നു
ദുബായ്: പാകിസ്ഥാനി അവിദഗ്ധ തൊഴിലാളികള്‍ക്ക് യുഎഇയില്‍ ഇനി ജോലി ലഭിച്ചേക്കില്ല എന്ന് യുഎഇയിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസി. ഉയര്‍ന്ന നിലവാരമുള്ള നൈപുണ്യ വിപണിയിലേക്ക് യുഎഇ അതിവേഗം മുന്നേറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കായുള്ള യുഎഇയുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ നിയാസ് തിര്‍മിസി. യുഎഇ തൊഴില്‍ വിപണിയില്‍ അക്കൗണ്ടന്റുമാര്‍, ഐടി പ്രൊഫഷണലുകള്‍, ബാങ്കര്‍മാര്‍, എഐ വിദഗ്ധര്‍, ഫിസിഷ്യന്‍മാര്‍, നഴ്സുമാര്‍, പൈലറ്റ് എന്നിവരെയാണ് ഇനി ആവശ്യം. അതിനാല്‍ ഈ മേഖലയില്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ പാകിസ്ഥാന് വലിയ അവസരമാണ് കൈവരാന്‍ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഞങ്ങളുടെ ആളുകളെ ഈ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ പരിശീലിപ്പിച്ചാല്‍ അവര്‍ക്ക് 20000 ദിര്‍ഹവും അതില്‍ കൂടുതലും ശമ്പളമുള്ള ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലേക്ക് ചുവടുവെക്കാനാകും, ഞങ്ങളുടെ നിലവിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് 1000 ദിര്‍ഹവും അതിനുമുകളിലും മാത്രമാണ് ലഭിക്കുന്നത്,'' അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ യുഎഇ പാകിസ്ഥാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എമിറേറ്റ്സില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ പാകിസ്ഥാനിലേക്ക് ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തം നമ്മുടെ തൊഴിലാളികളെ വിദേശത്തേക്ക് അയക്കുക മാത്രമല്ല, ആഗോളതലത്തില്‍ പാകിസ്ഥാന്റെ സാമ്പത്തിക സാധ്യതകള്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക കൂടി ചെയ്യുന്നു എന്നും ഫൈസല്‍ പറഞ്ഞു.
ഇന്നത്തെ ലോകം ഐടി വൈദഗ്ധ്യം, അക്കൗണ്ടിംഗ്, ആരോഗ്യ സംരക്ഷണം എന്നിവയാല്‍ നയിക്കപ്പെടുന്നു. അതിനാല്‍ തന്നെ ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ തലമുറയിലെ പാകിസ്ഥാനികളെ പരിശീലിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎഇയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെയും നഴ്സുമാരുടെയും ആവശ്യം വര്‍ധിച്ചുവരികയാണ്.
പാകിസ്ഥാന്‍ മത്സരിക്കുന്ന മറ്റൊരു മേഖലയാണ് വ്യോമയാന വ്യവസായം. പാകിസ്ഥാനില്‍ പൈലറ്റ് ട്രെയിനിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര ഏവിയേഷന്‍ കോളേജുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് തിര്‍മിസി വെളിപ്പെടുത്തി. യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള പണമയയ്ക്കല്‍ ഇതിനകം തന്നെ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പാകിസ്ഥാനിലേക്കുള്ള പണമയയ്ക്കല്‍ വെറും ആറ് മാസത്തിനുള്ളില്‍ 53% വര്‍ധിച്ച് 4.5 ബില്യണ്‍ ഡോളറിലെത്തി. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പണമയക്കലില്‍ 9 ബില്യണ്‍ ഡോളര്‍ മറികടക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications