ഇറാഖില്‍ നിന്ന് അവസാന യുഎസ് സൈനികനും പിന്മാറി; ആഹ്ലാദം പ്രകടിപ്പിച്ച് ഇറാന്‍ അനുകൂലികള്‍
ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനികര്‍ പൂര്‍ണമായും പിന്മാറി. തമ്പടിച്ചിരുന്ന രണ്ടു ക്യാമ്പുകളുടെയും ചുമതല ഇറാഖി സൈന്യത്തിന് കൈമാറി. ബുധനാഴ്ച ഇവര്‍ ഇറാഖ് വിടും. അമേരിക്കന്‍ നടപടിയില്‍ വലിയ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ഇറാന്‍ അനുകൂലികള്‍. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം നടക്കുന്ന വേളയിലാണ് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം എന്നതു എടുത്തു പറയണം.
നിലവില്‍ ഇറാനുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഇറാഖ്. ഇരുരാജ്യങ്ങളിലും ഭരണം നടത്തുന്നത് ഷിയാക്കളാണ്. ഇറാന്റെ വിമാനങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിച്ച അമേരിക്ക ഇറാഖ്-ഇറാന്‍ യാത്രയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇറാഖിലെ ഷിയാ പുണ്യ കേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ക്ക് വേണ്ടിയാണിത്. അമേരിക്കന്‍ സൈനികര്‍ പൂര്‍ണമായി പിന്മാറുന്നതോടെ ഇറാഖിന്റെ സുരക്ഷയില്‍ ഇറാന് മുഖ്യ പങ്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2003ലാണ് അമേരിക്കന്‍ സൈന്യം ആദ്യമായി ഇറാഖ് അധിനിവേശം തുടങ്ങിയത്. അന്നത്തെ ഭരണാധികാരി സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധമുണ്ട് എന്ന ആരോപിച്ചായിരുന്നു നടപടി. ഇത് വ്യാജമായി ഉണ്ടാക്കിയ ആരോപണമാണ് എന്ന് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ സമ്മതിച്ചിരുന്നു. സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് പുറത്താക്കി തൂക്കിലേറ്റി.
ഇതോടെ 2011ല്‍ യുഎസ് സൈന്യം ഇറാഖില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുവരവോടെ ഇറാഖ് സര്‍ക്കര്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. വീണ്ടും ഇറാഖിലെത്തിയ അമേരിക്കന്‍ സൈനികരാണ് ബുധനാഴ്ച ഇറാഖ് വിടുന്നത്. നേരത്തെ ഘട്ടങ്ങളായി നിരവധി യുഎസ് സൈനികര്‍ പിന്മാറിയിരുന്നു എങ്കിലും രണ്ട് ക്യാമ്പുകളില്‍ കുറച്ച് സൈനികര്‍ തമ്പടിച്ചു. ഇവരും ഇപ്പോള്‍ പിന്മാറുകയാണ്.
2024ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് ഭരണകൂടവും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 2026 സെപ്തംബര്‍ 30ന് അവസാന യുഎസ് സൈനികനും പിന്മാറേണ്ടതുണ്ട്. ട്രംപ് ഇതില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. ഇറാനുമായും അമേരിക്കയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന പശ്ചിമേഷ്യയിലെ ഏക രാജ്യമാണ് ഇറാഖ്. 4500 യുഎസ് സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യുഎസ് അധിനിവേശത്തിനിടെ പത്ത് ലക്ഷത്തിലധികം ഇറാഖികളും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനെ അമേരിക്ക ആക്രമിക്കുന്ന വേളയില്‍ ഇറാന്‍ സൈന്യം തിരിച്ചടി നല്‍കുന്ന ഒരു കേന്ദ്രം ഇറാഖിലെ യുഎസ് ക്യാമ്പുകളാണ്. നിലവില്‍ നടക്കുന്ന യുദ്ധത്തിനിടെ ഏഴ് യുഎസ് സൈനികരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയില്‍ ഇര്‍ബിലിന് അടുത്തു വച്ച് യുഎസ് സൈനികന്‍ കൊല്ലപ്പെട്ടതാണ് ഒടുവിലെ സംഭവം. 2020ല്‍ ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത് ബഗ്ദാദിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു.


Click it and Unblock the Notifications
