ഇറാന്‍ തരിപ്പണമാകും? ഖത്തറിലും ബഹ്‌റൈനിലും ദുരൂഹ നീക്കങ്ങള്‍, മിണ്ടാതെ അമേരിക്ക
ദുബായ്: ഇറാനുമായി അമേരിക്ക കൊമ്പുകോര്‍ക്കുന്നതിനിടെ ദുരൂഹ നീക്കങ്ങള്‍. ഖത്തറിലെയും ബഹ്‌റൈനിലെയും നൂറോളം അമേരിക്കന്‍ സൈനികരെ പിന്‍വലിച്ചു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇറാന്‍ തിരിച്ചടിക്കുമ്പോള്‍ ആദ്യം ലക്ഷ്യമിടുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് പിന്മാറ്റം. അമേരിക്ക വലിയ ഒരുക്കം രഹസ്യമായി നടത്തുന്നു എന്നാണ് ഈ നീക്കം വ്യാഖ്യാനിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതി വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണ്. അടുത്ത മാസം നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. സമവായമായില്ലെങ്കില്‍ ഇറാനെ ആക്രമിച്ച് ഭരണകൂടത്തെ മാറ്റുമെന്നാണ് അമേരിക്കയുടെ ഭീഷണി. അതിനിടെ ഇറാനിലെ ചില ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഇതിന് അമേരിക്ക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തില്‍ അമേരിക്കയുടെ 10000ത്തില്‍ അധികം സൈനികരുണ്ട്. അവിടെ നിന്ന് യുഎസ് സൈനികരെ ഒഴിപ്പിക്കുന്നു എന്നാണ് വാര്‍ത്ത. അഫ്ഗാനിലും സിറിയയിലും ഇറാഖിലും അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ എല്ലാ നീക്കങ്ങളും നിരീക്ഷിച്ചിരുന്നത് അല്‍ ഉദൈദ് താവളം കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ പുതിയ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂണില്‍ അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു. ഇറാന്‍ തിരിച്ചടിച്ചത് ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലാണ്. പക്ഷേ, അന്ന് നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. ഇറാനെ ആക്രമിച്ച് ഭരണകൂടത്തെ അട്ടിമറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമത്രെ. ഇസ്രായേലിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമേരിക്ക ഈ നീക്കത്തിന് മുതിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുഎസ് സൈനികരുള്ള പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍
യുദ്ധം തുടങ്ങിയാല്‍ ഇസ്രായേല്‍ യുഎസ് സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കും. ബഹ്‌റൈനില്‍ അമേരിക്കന്‍ നാവിക സേനാ കേന്ദ്രമുണ്ട്. ഇവിടെയുള്ള സൈനികരുടെ എണ്ണം കുറയ്ക്കാനും അമരിക്ക നീക്കം തുടങ്ങി എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കക്ക് വിശാലമായ ലക്ഷ്യമുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ നീക്കമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാഖ്, സിറിയ, കുവൈത്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യുഎസ് സൈനികരുണ്ട്. ഇവിടെയുള്ള സൈനികരുടെ എണ്ണം അമേരിക്ക കുറച്ചിട്ടില്ല. അമേരിക്ക എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം ആക്രമണം നടത്താനുള്ള സാധ്യതയും ചില നിരീക്ഷകര്‍ തള്ളുന്നില്ല. ഇറാനോട് ചേര്‍ന്ന് കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും അമേരിക്ക ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
അതേസമയം, അമേരിക്ക ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ കേന്ദ്രങ്ങളും തങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇക്കാര്യം വിശദീകരിച്ച് യുഎന്നിന് ഇറാന്‍ പ്രതിനിധി കത്ത് നല്‍കി. മേഖലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയായിരിക്കും ഉത്തരവാദി എന്നും ഇറാന്‍ യുഎന്നിനെ ബോധിപ്പിച്ചു.












Click it and Unblock the Notifications