പ്രശ്‌നങ്ങള്‍ക്ക് കാരണം എന്റെ രാഷ്ട്രീയം; പറയുന്നത് എല്ലാ പാര്‍ട്ടികളും മടിക്കുന്ന കാര്യം എന്ന് വേടന്‍
ദുബായ്: എതിര്‍പ്പുകള്‍ എത്ര ഉയര്‍ന്നാലും പോരാട്ടം തുടരുമെന്ന് റാപ്പര്‍ വേടന്‍. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി ജോലി ചെയ്യുന്ന വ്യക്തിയാണ്, ഗാന രംഗത്ത് പുതിയ ആളാണ്, അങ്ങനെയുള്ള ഒരാള്‍ക്ക് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത് ഇരട്ടി മധുരമാണെന്നും വേടന്‍ പറഞ്ഞു.
എഴുത്തിന്റെ ജാംബവാന്മാര്‍ ഉള്ള സ്ഥലമാണ് മലയാളം ഇന്‍ഡസ്ട്രി. പുതിയ എഴുത്തുകാരന് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് ഊര്‍ജം തരുന്നതാണ്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. വ്യത്യസ്തമായ പ്രതികരണങ്ങള്‍ കാണുന്നുണ്ട്. എല്ലാം ആസ്വദിക്കുന്നുവെന്നും വേടന്‍ പറഞ്ഞു.

മലയാളികള്‍ക്ക് റാപ്പ് പുതിയ സംഗീത ശാഖയാണ്. ഈ വേളയിലാണ് തനിക്ക് പുരസ്‌കാരം കിട്ടുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷയാണിത്. മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിലെ പാളിച്ച പലരും വിവാദമാക്കുന്നുണ്ട്. അദ്ദേഹത്തിന് വാക്ക് പിഴച്ചതാകും. തനിക്ക് അതില്‍ പ്രശ്‌നമില്ലെന്നും വേടന്‍ പറയുന്നു.
തന്റെ നിലപാടുകളും രാഷ്ട്രീയവുമാണ് പുതിയ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ കാരണം. അത് ആസ്വദിക്കുന്നു. സുഖകരമായി ജീവിച്ച ആളല്ല താന്‍. അതുകൊണ്ടുതന്നെ തന്റെ എഴുത്തുകളിലും അതു പ്രതിഫലിക്കും. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് താന്‍ പറയുന്നത്. അക്കാര്യത്തില്‍ തനിക്ക് നല്ല വിശ്വാസമുണ്ട്. പുതിയ കുട്ടികള്‍ ആ രാഷ്ട്രീയം മനസിലാക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. ദളിത് രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു.
താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല
മന്ത്രി പറഞ്ഞതില്‍ താന്‍ പ്രതികരിച്ച് പുതിയ വിവാദത്തിന് താല്‍പ്പര്യമില്ല. നമ്മെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു എന്നതും പ്രൊമോഷനാണ്. എന്റെ കല ആളുകളിലേക്ക് എത്തുന്നു എന്നതില്‍ സന്തോഷമുണ്ട്. എല്ലാത്തിനും പാട്ടിലൂടെ പ്രതികരിക്കും. തന്റെ മാധ്യമം പാട്ടാണ്. രാവണന്റെ പാട്ടിന് ഇനിയും സമയമെടുക്കും. ഒരുപാട് റിസര്‍ച്ച് ആവശ്യമുള്ള വിഷയമാണ്.
തന്റെ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തന്റെ പാട്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. പിന്നെ അതു പഠിക്കാന്‍ പാടില്ല എന്ന വാദം വന്നു. അവാര്‍ഡുകള്‍ കിട്ടിയാലും ഇല്ലെങ്കിലും പാടിക്കൊണ്ടേ ഇരിക്കും. പാട്ടിന്റെ ഒഴുക്കിനെ തടയാന്‍ സാധിക്കുന്ന വിഷയങ്ങള്‍ ഉണ്ടായിട്ടില്ല. എഴുതാന്‍ ഊര്‍ജം നല്‍കുന്ന കാര്യമാണ് അവാര്‍ഡ്.
നിലവില്‍ കേരളത്തിലുള്ള ഏതെങ്കിലും രാഷ്ട്രീയ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല താന്‍. എല്ലാ രാഷ്ട്രീയക്കാര്‍ക്കും അക്കാര്യം അറിയാം. തനിക്ക് അവാര്‍ഡ് തന്നതില്‍ രാഷ്ട്രീയമുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. തന്റെ കലയ്ക്കാണ് അവാര്‍ഡ് തന്നിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന വ്യക്തിയല്ല താന്‍. എന്റേതായ രാഷ്ട്രീയം ഉണ്ട് എന്നും വേടന്‍ പറഞ്ഞു.












Click it and Unblock the Notifications